KERALA NEWS TODAY KANNUR:കണ്ണൂര്‍: കാട് വെട്ടിത്തെളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ തൊഴിലാളിക്ക് രക്ഷകരായി എക്സൈസ് ഉദ്യോഗസ്ഥർ. ന്യൂ മാഹി ടൗണിന് സമീപമുള്ള പറമ്പിൽ കാട് വൃത്തിയാക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി പവിത്രൻ എന്നയാൾക്ക് വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു. എന്തോ ശബ്‍ദം കേൾക്കുകയും മിന്നൽ പോലൊരു വെളിച്ചം കാണുകയും ചെയ്ത സമീപത്തെ ന്യൂ മാഹി എക്സൈസ് ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥർ അവിടേക്ക് ഓടിയെത്തി.പവിത്രനെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ വി കെ ഷിബു വൈദ്യുതി ബന്ധത്തിൽ നിന്നും വേർപെടുത്തി. തുടർന്ന് പ്രഥമ ശുശ്രൂഷ നൽകിയശേഷം മാഹി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു. അപകട നില തരണം ചെയ്ത് ആശുപത്രിയിൽ നിന്നും തിരിച്ചു വരവെ, തന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന എക്സൈസ് ഉദ്യോഗസ്ഥരെ ചേർത്ത് പിടിച്ച് പവിത്രൻ നന്ദി അറിയിച്ചു. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ(G)വി കെ ഷിബു, പ്രിവന്‍റീവ് ഓഫീസർ (G) കെ രാജീവൻ, സിവിൽ എക്സൈസ് ഓഫീസർ വി കെ ഫൈസൽ എന്നിവരാണ് സമയോചിതമായ രക്ഷാപ്രവർത്തനത്തിലൂടെ മാതൃകയായത്.