Latest Malayalam News - മലയാളം വാർത്തകൾ

കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന് മൃതദേഹം ഒളിപ്പിച്ചു; മുല്ലൂർ ശാന്തകുമാരി വധക്കേസില്‍ 3 പ്രതികൾക്കും വധശിക്ഷ

KERALA NEWS TODAY THIRUVANATHAPURAM:തിരുവനന്തപുരം: വിഴിഞ്ഞം ശാന്തകുമാരി വധക്കേസിൽ മൂന്നു പ്രതികള്‍ക്കും വധശിക്ഷ. സ്വർണാഭരണം മോഷ്ടിച്ച ശേഷം ശാന്തകുമാരിയെ കൊലപ്പെടുത്തി മച്ചിന് മുകളിൽ സൂക്ഷിച്ച പ്രതികള്‍ക്കാണ് വധശിക്ഷ. വിഴിഞ്ഞം സ്വദേശിയായ റഫീക്ക, മകൻ ഷെഫീഖ്, സഹായിയായ അൽ -അമീൻ എന്നിവർക്കാണ് നെയ്യാറ്റിൻകര സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. 14വയസ്സുകാരിയെ തലക്കടിച്ച് കൊന്ന മറ്റൊരു കേസിലും അമ്മയും മകനും വിചാരണ നേരിടുകയാണ്.
വിഴിഞ്ഞം സ്വദേശിയായ 74 വയസ്സുകാരി ശാന്തകുമാരിയുടെ വീട്ടിൽ വാടകക്ക് താമസിച്ചവരാണ് പ്രതികള്‍. ശാന്തകുമാരി തൊട്ടടുത്തുള്ള വീട്ടിൽ ഒറ്റക്കായിരുന്നു താമസം. വൃദ്ധയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍ കവരാൻ പ്രതികള്‍ ആസൂത്രണം നടത്തി. 2022 ജനുവരി 14നാണ് പ്രതികള്‍ ശാന്തകുമാരിയുടെ തലക്കടിച്ച് കൊലപ്പെടുത്തിയത്. മൃതദേഹം വീട്ടിൻെറ മച്ചിന് മുകളിൽ വച്ച ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.കൊലപാതകം ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് റഫീക്കയുടെ സുഹൃത്തും ഈ വീട്ടിലെ താമസക്കാരനുമായിരുന്നു അൽ-അമിൻെറ പാലക്കാടുള്ള വീട്ടിലേക്ക് വസ്ത്രങ്ങളെല്ലാം മാറ്റിയിരുന്നു. ശാന്തകുമാരിയെ റഫീക്കയാണ് വീട്ടിനുള്ളിലേക്ക് വിളിച്ചുവരുത്തിയത്. മകൻ ഷെഫീക്ക് ചുറ്റിക കൊണ്ട് തലക്കടിച്ചു. കഴുത്തു ഞെരിച്ച് മരണം ഉറപ്പാക്കിയ ശേഷമാണ് മൃതദേഹം ഒളിപ്പിച്ചത്. ശാന്തകുമാരിയെ കാണാതായതിനെ തുടർന്നാണ് അന്വേഷണം നാട്ടുകാർ തുടങ്ങിയത്.വാടകക്കാരെയും കാണാതായതോടെ സംശയം ബലപ്പെട്ടു. ടൂറിസ്റ്റ് ബസ്സിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതികളെ കഴക്കൂട്ടത്ത് വച്ച് വിഴിഞ്ഞം പൊലിസ് പിടികൂടി. ഈ കേസിൽ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു വീട്ടിൽ വാടകക്ക് താമസിക്കുമ്പോള്‍ 14 വയസ്സുകാരിയെയും തലക്കടിച്ച് കൊലപ്പെടുത്തിയ കാര്യം പ്രതികള്‍ വെളിപ്പെടുത്തുന്നത്. കോവളം പൊലീസെടുത്ത കേസ് തെളിയിക്കപ്പെടാതെ കിടക്കുകയായിരുന്നു.ശാന്തകുമാരിയെ കൊലപ്പെടുത്തിയ ഇതേ ചുറ്റിക കൊണ്ടാണ് പെണ്‍കുട്ടിയെും കൊലപ്പെടുത്തിയത്. ഒരു ദയയും അർഹിക്കാത്ത കുറ്റകൃത്യമാണ് പ്രതികള്‍ ചെയ്തതെന്ന് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിലയിരുത്തി. പ്രതികള്‍ക്കെതിരെ ചുമത്തിയ കൊലപാതകം, മോഷണം, ഭവനഭേദനം, ഗൂഡാലോചന, തെളിവു നശിപ്പിക്കൽ, എന്നിവയെല്ലാം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. ശാന്തകുമാരിയുടെ ശരീരത്തിൽ നിന്നും മോഷ്ടിച്ച സ്വർണാഭരണങ്ങളിൽ കുറച്ച് വിറ്റ ശേഷമാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ഈ തൊണ്ടിമുതലുകളെല്ലാം കണ്ടെത്തിയിരുന്നു,

Leave A Reply

Your email address will not be published.