28 വര്‍ഷങ്ങള്‍ക്കു ശേഷം ഗുരുവായൂര്‍ ചന്ദ്രശേഖരന്‍ വീണ്ടും ക്ഷേത്ര നടയിലെത്തി

schedule
2023-11-03 | 06:15h
update
2023-11-03 | 06:15h
person
kottarakkaramedia.com
domain
kottarakkaramedia.com
28 വര്‍ഷങ്ങള്‍ക്കു ശേഷം ഗുരുവായൂര്‍ ചന്ദ്രശേഖരന്‍ വീണ്ടും ക്ഷേത്ര നടയിലെത്തി
Share

KERALA NEWS TODAY – ഗുരുവായൂർ : 28 വര്‍ഷങ്ങള്‍ക്കു ശേഷം 60 വയസുകാരനായ ഒറ്റക്കൊമ്പൻ ഗുരുവായൂര്‍ ചന്ദ്രശേഖരന്‍ വ്യാഴാഴ്ച വീണ്ടും ക്ഷേത്ര നടയിലെത്തി.
അക്രമ സ്വഭാവം കാരണമാണ് കാൽനൂറ്റാണ്ടു മുമ്പ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആനക്കോട്ടയിലേക്ക് ചന്ദ്രശേഖരനെ മാറ്റിയത്.
പാപ്പാനെ ഉപദ്രവിച്ചത് കൂടാതെ ഒരു സിനിമാ തിയേറ്ററും ആക്രമിച്ചതിന് പിന്നാലെയാണ് ചന്ദ്രശേഖരനെ ആനക്കോട്ടയിലേക്ക് മാറ്റിയത്.
ഉത്സവത്തിന് എഴുന്നള്ളിച്ച മറ്റ് ആനകളെയും ചന്ദ്രശേഖരന്‍ ആക്രമിച്ചിരുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വെറ്ററിനേറിയനും ദേവസ്വം ബോര്‍ഡിലെ വിദഗ്ധ സമിതി അംഗവുമായ ഡോ.പി.ബി ഗിരിദാസ് പറഞ്ഞു.

വേനല്‍ക്കാലമാണ് കേരളത്തിലെ ഉത്സവസീസണ്‍. വേനല്‍ക്കാലങ്ങളില്‍ ആനയ്ക്ക് മദം പൊട്ടല്‍ ഉള്ളതിനാല്‍ ഉത്സവങ്ങളില്‍ ഇവയെ എഴുന്നള്ളിക്കുന്നതും ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ പാപ്പാന്‍ കെ.കെ.ബൈജു, ആനക്കൊട്ടയുടെ ചുമതല വഹിക്കുന്ന ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ കെ.എസ്.മായാദേവി എന്നിവരുടെ മേല്‍നോട്ടത്തിലാണ് ചന്ദ്രശേഖരന്‍ മറ്റുള്ളവരുമായി സൗഹൃദത്തോടെ ഇടപഴകാനും അനുസരണയോടെ പെരുമാറാനും ശീലിച്ചത്.

വ്യാഴാഴ്ച ക്ഷേത്രത്തിലെത്തിച്ച ആനയ്ക്ക് നിവേദ്യച്ചോറും മറ്റ് പ്രസാദങ്ങളും നല്‍കി. “ഏറെ നാളുകള്‍ക്കുശേഷം പുറത്തിറങ്ങിയയതിനാല്‍ ചന്ദ്രശേഖരന്‍ എങ്ങനെ പെരുമാറും എന്നോര്‍ത്ത് ചെറിയ ഭയമുണ്ടായിരുന്നു. ദേവസ്വം ചെയര്‍മാന്‍ വികെ വിജയനും അഡ്മിനിസ്‌ട്രേറ്റര്‍മാരായ കെ.പി വിനയന്‍, മായാദേവി എന്നിവര്‍ വലിയ പിന്തുണയാണ് നല്‍കിയത്. ദൈവാനുഗ്രഹത്താല്‍ ആപത്തൊന്നും സംഭവിച്ചില്ല”, പാപ്പാന്‍ ബൈജു പറഞ്ഞു. കുറച്ചുദിവസം കൂടി പരിശീലനം തുടര്‍ന്ന ശേഷം ഏകാദശി ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കാന്‍ കഴിയുമെന്നാണ് ദേവസ്വം അധികൃതര്‍ പ്രതീക്ഷിക്കുന്നത്. 1970 ജൂണ്‍ 3ന് ബോംബെ സുന്ദരം എന്നയാളാണ് ചന്ദ്രശേഖരനെ ക്ഷേത്രത്തിന് കൈമാറിയത്.

Breaking Newsgoogle newskeralakerala newsKOTTARAKARAMEDIAKOTTARAKKARAMEDIAlatest malayalam newslatest news
41
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
05.03.2025 - 12:04:05
Privacy-Data & cookie usage: