ഗുണ്ടകൾക്കെതിരേയുള്ള നടപടിയായ ഓപ്പറേഷൻ ആഗ് വഴി മൂന്നുദിവസമായി സംസ്ഥാനത്താകെ നടക്കുന്ന പരിശോധനയിൽ 5,000 പേർ അറസ്റ്റിലായി. ഗുണ്ടാ ആക്രമണങ്ങൾ പെരുകുന്നെന്ന വിമർശനങ്ങൾക്കുപിന്നാലെ തുടങ്ങിയ പരിശോധന ഈ മാസം 25 വരെ തുടരും. ഓരോ ജില്ലയിലെയും സാഹചര്യങ്ങൾ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദർവേഷ് സാഹേബ് വിലയിരുത്തി. ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട് എന്നിവ യോജിപ്പിച്ചാണ് മൂന്നുദിവസമായി സംസ്ഥാനത്താകെ പരിശോധന.
ഗുണ്ടാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ, ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ, വാറന്റ് പ്രതികൾ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി. ഒട്ടേറെപ്പേരെ കരുതൽ തടങ്കലിലുമാക്കി. അറസ്റ്റിലായ പ്രതികളുടെ വിരലടയാളമടക്കം ശേഖരിക്കുന്നുണ്ട്. സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരുടെ വിവരസഞ്ചയം സൃഷ്ടിക്കാനായാണ് വിരലടയാളവും വിവരങ്ങളും ശേഖരിക്കുന്നത്.