Latest Malayalam News - മലയാളം വാർത്തകൾ

സഗൗരവം കടന്നപ്പള്ളി ; ദൈവനാമത്തിൽ ഗണേഷ് കുമാർ: സത്യപ്രതിജ്ഞാ ചടങ്ങിൽ അതിഗൗരവത്തിൽ ഗവർണർ

KERALA NEWS TODAY THIRUVANANTHAPURAM:തിരുവനന്തപുരം: കേരള കോൺഗ്രസ് (ബി) നേതാവ് കെബി ഗണേഷ് കുമാറും, കോൺഗ്രസ് (എസ്) നേതാവ് കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ആദ്യം കടന്നപ്പള്ളി രാമചന്ദ്രനാണ് സത്യപ്രതിജ്ഞ ചെയ്തത്. തുറമുഖ വകുപ്പ് മന്ത്രിയായി കടന്നപ്പള്ളി സത്യപ്രതി‍ജ്ഞ ചെയ്തു. കടന്നപ്പള്ളിയുടേത് ‘സഗൗരവ’ സത്യപ്രതിജ്ഞയായിരുന്നു.

കെബി ഗണേഷ് കുമാറാണ് രണ്ടാമത് സത്യപ്രതിജ്ഞ ചെയ്തത്. ഗതാഗത വകുപ്പ് മന്ത്രിയായി ‘ദൈവനാമത്തി’ലായിരുന്നു സത്യപ്രതിജ്ഞ. ഗണേഷ് കുമാർ വേദിയിൽ എത്തിയപ്പോൾ മുദ്രാവാക്യം വിളികളുയർന്നു. ഗവർണറുടെ വസതിയായ രാജ്ഭവനിൽ വെച്ചായിരുന്നു ചടങ്ങ്. രാജ്ഭവന്റെ പാര്‍ക്കിങ് ഏരിയയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ആയിരം പേര്‍ക്ക് പങ്കെടുക്കാവുന്ന തരത്തിലായിരുന്നു സദസ്സ്.കെബി ഗണേഷ് കുമാർ സിനിമാ വകുപ്പു കൂടി ചോദിച്ചിരുന്നെങ്കിലും അത് അനുവദിക്കുകയുണ്ടായില്ല.

ചടങ്ങിൽ അതീവ ഗൗരവത്തിലായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്ക് മുഖം കൊടുക്കാതിരിക്കാൻ ഗവർണർ ശ്രദ്ധിച്ചു. ചടങ്ങ് തീർന്നയുടനെ മുഖ്യമന്ത്രി സ്ഥലംവിട്ടു. ഗവർണറുടെ ചായ സൽക്കാരത്തിന് നിന്നില്ല. ഗവർണറും സർക്കാരും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ഡൽഹിയിലായിരുന്ന ഗവർണർ ഈ ആവശ്യത്തിനായി കേരളത്തിലേക്ക് കഴിഞ്ഞദിവസം തിരിച്ചെത്തുകയായിരുന്നു. ഇന്നുതന്നെ അദ്ദേഹം മുംബൈക്ക് തിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Leave A Reply

Your email address will not be published.