Latest Malayalam News - മലയാളം വാർത്തകൾ

സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌നയ്ക്ക് ആറ് കോടിയും ശിവശങ്കറിന് 50 ലക്ഷവും പിഴചുമത്തി കസ്റ്റംസ്

KERALA NEWS TODAY-കൊച്ചി : നയനന്ത്ര ബാഗേജുവഴി സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്ന സുരേഷിനും കൂട്ടാളികള്‍ക്കും വന്‍തുക പിഴചുമത്തി കസ്റ്റംസ്.
കേസിലെ പ്രധാന പ്രതികളായ സ്വപ്ന, പി.എസ്. സരിത്ത്, സന്ദീപ് നായര്‍, കെ.ടി. റമീസ്, യു.എ.ഇ. കോണ്‍സുലേറ്റ് മുന്‍ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി, മുന്‍ അഡ്മിന്‍ അറ്റാഷെ റാഷിദ് ഖാമിസ് അല്‍ അഷ്മേയി എന്നിവര്‍ക്ക് ആറുകോടി വീതമാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ രാജേന്ദ്രകുമാര്‍ പിഴ ചുമത്തിയത്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് 50 ലക്ഷം രൂപയാണ് പിഴ.

മൊത്തം 44 പ്രതികളുള്ള കേസില്‍ ഏഴുപേരെ ഇനിയും പിടികൂടാനുണ്ട്. ഇവരൊഴികെയുള്ള പ്രതികളില്‍നിന്ന് 66.60 കോടി രൂപ പിഴ ഈടാക്കാനാണ് ഉത്തരവ്.
മറ്റ് പ്രതികളെകൂടി പിടികൂടിയാല്‍ ഇവരില്‍നിന്നും പിഴ ഈടാക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
രാജ്യത്ത് ആദ്യമായാണ് സ്വര്‍ണക്കടത്ത് കേസില്‍ ഇത്രയും വലിയ തുക പിഴ ഈടാക്കുന്നത് എന്നാണ് വിവരം.
പ്രതികളില്‍ പലരുടെയും ആഡംബരവാഹനങ്ങളും കസ്റ്റംസ് കണ്ടുകെട്ടിയിട്ടുണ്ട്.

അതേസമയം, ഉത്തരവിനെതിരേ പ്രതികള്‍ക്ക് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കാം. ട്രിബ്യൂണലിന് ഉത്തവ് ശരിവെയ്ക്കുകയോ തിരുത്തലുകള്‍ ആവശ്യപ്പെടുകയോ ചെയ്യാം. എന്നാല്‍ സാധാരണഗതിയില്‍ ഇത്തരം കേസുകളില്‍ പിഴത്തുകയില്‍ ഇളവുലഭിക്കാന്‍ സാധ്യത വളരെ കുറവാണ്.

2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം കാര്‍ഗോ കോപ്ലക്സില്‍നിന്ന് കസ്റ്റംസ് സ്വര്‍ണം പിടിച്ചെടുത്തത്. ഏകദേശം 14.65 കോടി രൂപ മൂല്യം കണക്കാക്കുന്ന 30 കിലോ സ്വര്‍ണമാണ് പിടികൂടിയത്. 2019 മുതല്‍ 2020ന്റെ ആദ്യപാദംവരെ നയനന്ത്രബാഗേജുവഴി പ്രതികള്‍ സ്വര്‍ണം കടത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Leave A Reply

Your email address will not be published.