KERALA NEWS TODAY PATHANAMTHITTA:പത്തനംതിട്ട: മോട്ടോർ വാഹന വകുപ്പിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന റോബിൻ ടൂറിസ്റ്റ് ബസ്സിൽ നിന്ന് പണവും സ്വർണ്ണവും നഷ്ടപ്പെട്ടതായി ബസ് നടത്തിപ്പുകാരൻ റോബിൻ ഗിരീഷ്. 26ാം തീയതി മുതൽ ബസ് സർവീസ് പുനരാരംഭിക്കുമെന്നും റോബിൻ ഗിരീഷ് വ്യക്തമാക്കി.
മോട്ടോർ വാഹന വകുപ്പിന്റെ കസ്റ്റഡിയിലുള്ള റോബിൻ ടൂറിസ്റ്റ് ബസ് നടത്തിപ്പുകാരന് വിട്ടു നൽകാൻ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ബസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ എന്തൊക്കെ വസ്തുവകകൾ ബസ്സിൽ ഉണ്ടായിരുന്നു എന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കണമെന്നും ബസ് കൈമാറുമ്പോൾ ഇവ ഉണ്ട് എന്ന് ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തണമെന്നും കോടതി നിർദേശിച്ചിരുന്നു.
82000 രൂപ പിഴ അടച്ചശേഷം നടത്തിപ്പുകാരന് ബസ് വിട്ടു നൽകാനായിരുന്നു കോടതി ഉത്തരവ്. പിഴ അടച്ച ശേഷം ഇന്നലെ തന്നെ ബസ് വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് നടത്തിപ്പുകാരൻ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നെങ്കിലും മോട്ടോർ വാഹന വകുപ്പ് ബസ് വിട്ട് നൽകിയിരുന്നില്ല. ഇന്ന് നടപടികൾ പൂർത്തിയാക്കി നടത്തിപ്പുകാരന് ബസ് വിട്ട് കൊടുത്തു. ബസ്സിൽ നിന്നും 48500 രൂപയും5 പവന്റെ മാലയും നഷ്ടപ്പെട്ടതായി റോബിൻ ഗിരീഷ് പറഞ്ഞു.