ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ കൂടുതല്‍ നടപടിക്ക് ശുപാർശ. അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയതില്‍ പൊതുഭരണ വകുപ്പില്‍ ആറ് പാര്‍ട്ട് ടൈം സ്വീപ്പര്‍മാരെ പിരിച്ചുവിടാന്‍ ശുപാര്‍ശ നൽകി. പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടേതാണ് ശുപാര്‍ശ. ഇവര്‍ ഇതുവരെ വാങ്ങിയ ക്ഷേമ പെന്‍ഷന്‍ 18 ശതമാനം പലിശയോടെ തിരിച്ചു പിടിക്കണമെന്നും നിര്‍ദേശമുണ്ട്. ഇന്നലെ മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ ഇതുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊതുഭരണ വകുപ്പിലെയും ജീവനക്കാര്‍ക്കെതിരെയും ശുപാര്‍ശ വന്നിരിക്കുന്നത്. ശുപാര്‍ശ നിലവില്‍ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കുന്നത് മുഖ്യമന്ത്രിയാണ്. സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ അടക്കം 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നുവെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ധന വകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് ഗുരുതര തട്ടിപ്പ് കണ്ടെത്തിയത്. അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശ അടക്കം തിരിച്ചു പിടിക്കാനാണ് ധനവകുപ്പിന്റെ നിര്‍ദേശം.