Latest Malayalam News - മലയാളം വാർത്തകൾ

ഊര്‍ജമാറ്റങ്ങളും ലസാഗുവും മുതല്‍ ഐഎന്‍എസ് മഹിന്ദ്രയെക്കുറിച്ചുവരെ ആനപാപ്പാന്മാര്‍ക്കുള്ള പരീക്ഷയിലെ ചോദ്യങ്ങള്‍; ആനയെക്കുറിച്ച് മാത്രം ഒറ്റച്ചോദ്യമില്ല!

KERALA NEWS TODAY:കഴിഞ്ഞ ദിവസം ആനപ്പാപ്പാന്‍മാര്‍ക്കായി ഒരു പിഎസ്‌സി പരീക്ഷ നടന്നു. ഇതിലെ ചോദ്യങ്ങളാണ് വിചിത്രം. ദ്രവ്യവും പിണ്ഡവും മുതല്‍ ലസാഗുവും ഉസാഘയും വരെ ചോദ്യങ്ങളായി. പക്ഷേ ആനയെ കുറിച്ചുമാത്രം ഒന്നും ചോദിച്ചില്ല. ആന പരിചരണത്തിനെന്തിനാണ് എല്‍ഡിസി മോഡല്‍ ചോദ്യപേപ്പറെന്നാണ് വിമര്‍ശനം.
എറണാകുളം, വയനാട് ജില്ലകളിലെ ആനക്യാമ്പുകളിലേക്കുള്ള പാപ്പാന്‍മാര്‍ക്കായി പിഎസ്‌സി പരീക്ഷ നടന്നത് കഴിഞ്ഞ പതിനാലിനാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം മുതല്‍ ആറ്റത്തിന്റെ ഘടനവരെ പരീക്ഷയ്ക്ക് പഠിക്കാനുള്ള സിലബസിലുണ്ട്. സൗരയൂഥവും സവിശേഷതകളും മുതല്‍ സാംക്രമിക രോഗങ്ങളും രോഗകാരികളും വരെ. പഠിക്കാനുണ്ട്. പിന്നെയോ സംഖ്യകളും അടിസ്ഥാന ക്രിയകളും വര്‍ഗവും വര്‍ഗമൂലവും അങ്ങിനെയങ്ങിനെ നീളുന്നു. പക്ഷെ എവിടെയും ആനയെ കണ്ടില്ല എന്നതാണ് വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും കാരണമാകുന്നത്.ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ് പരീക്ഷ. പാരപെറ്റില്‍ വച്ചിരിക്കുന്ന ചെടിച്ചട്ടി താഴേക്ക് പതിക്കുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജ്ജമാറ്റമേത്?,യുദ്ധക്കപ്പലായ ഐഎന്‍എസ് മഹിന്ദ്രയ്ക്ക് ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ മലനിരകളുടെ പേരാണ് നല്‍കിയിരിക്കുന്നത്? ദൃശ്യപ്രകാശം അതിന്റെ ഘടക വര്‍ണങ്ങളായി വേര്‍ തിരിയുന്ന പ്രതിഭാസം ഏത്? ഇന്ത്യന്‍ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് മൗലിക കടമകളെ കുറിച്ച് പ്രതിപാദിക്കുന്നത്?… ഇങ്ങനെയങ്ങനെ സിലബസിനോട് കിടപിടിക്കുന്ന ചോദ്യങ്ങളാണ് ചോദ്യപേപ്പറിലുണ്ടായിരുന്നത്. ചോദ്യപേപ്പറിലും ആനയും ആനപരിചരണവും മാത്രം ചോദ്യപേപ്പറിനും പുറത്ത്. ഗതികോര്‍ജവും സ്ഥിരോര്‍ജവും പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയും ഉള്‍പ്പെടെയുള്ള അറിവുകള്‍ ആണോ ആനയെ നോക്കാനുള്ള യോഗ്യതാ മാനദണ്ഡമെന്നാണ് ഉയരുന്ന ചോദ്യം. ദേവസ്വം ബോര്‍ഡുകളില്‍ നാലാംക്ലാസ് ആണ് ആനപ്പാപ്പാന്‍മാര്‍ക്കുള്ള യോഗ്യത. പ്രായോഗിക ജ്ഞാനത്തിനാണ് പരിഗണന. പക്ഷെ വനംവകുപ്പിന്റെ ആനകളുടെ കാര്യം വന്നപ്പോള്‍ ഇത് ഏഴാംക്ലാസായി. വിദ്യാഭ്യാസ യോഗ്യതയില്‍ പരിധിയും നിശ്ചയിച്ചിട്ടില്ല.

Leave A Reply

Your email address will not be published.