വീട്ടിൽ അതിക്രമിച്ചു കയറി സുഹ്യത്തിൻ്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സുഹ്യത്ത് പൊലീസ് പിടികൂടുമെന്ന ഭയത്തിൽ ജീവനൊടുക്കി. വീരണക്കാവ് അരുവിക്കുഴി നേടുമൺ തരട്ട വീട്ടിൽ അനിൽ കുമാർ (39) ആണ് പൊലീസിനെ ഭയന്ന് ജീവനൊടുക്കിയത്. വീരണക്കാവ് അരുവിക്കുഴി പ്രവീൺ നിവാസിൽ പ്രവീണിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ചൊവാഴ്ച രാവിലെയാണ് അനിൽ കുമാർ സോഫയിൽ കിടന്നുറങ്ങിയിരുന്ന പ്രവീണിനെ തലയ്ക്ക് അടിക്കുകയും കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയതത്. തുടർച്ചയായി പത്ത് തവണയാണ് അനിൽ കുമാർ പ്രവീണിൻ്റെ തലയിൽ ചുറ്റിക കൊണ്ട് അടിച്ചത്. തുടർന്ന് പരിക്കേറ്റ പ്രവീൺ തന്നെ സുഹ്യത്തുകളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ സുഹ്യത്തുക്കൾ സ്ഥലത്തെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. നിലവിൽ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ കഴിയുകയാണ് പ്രവീൺ. ആക്രമണത്തിൽ ഇയാളുടെ തലയിൽ 48 തുന്നലും കയ്യിൽ 8 തുന്നലും ഉണ്ട്. പൊലീസ് പിടിയിലാകുമെന്ന ഭയത്തിലാണ് ഇയാൾ ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം. സഭവത്തിൽ കാട്ടാക്കട പൊലീസ് കേസെടുത്തിട്ടുണ്ട്.