പോളണ്ട്, യുക്രെയ്ൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്രതിരിച്ചു. ഇന്ന് പോളണ്ടിലെത്തുന്ന പ്രധാനമന്ത്രി പ്രസിഡന്റ് ആൻഡ്രെജ് ദുഡയെ കാണുകയും തുടർന്ന് പോളണ്ടിലെ ഇന്ത്യൻ ജനതയോട് സംവദിക്കുകയും ചെയ്യും. 45 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്. 1979ൽ മൊറാർജി ദേശായിയാണ് അവസാനമായി പോളണ്ടിലേക്കെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ ആരംഭിച്ച് 70 വർഷം ആയിരിക്കെയുള്ള ഈ സന്ദർശനം ഏറെ പ്രത്യേകതയുള്ളതാണെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പോളണ്ട് സന്ദർശനത്തിന് ശേഷം മോദി നേരെ പോകുക യുക്രെയ്നിലേക്കാണ്. 23ന് യുക്രെയ്ൻ തലസ്ഥാനമായ കീവിൽ മോദി വിമാനമിറങ്ങും. പ്രസിഡന്റ് വ്ളാഡമിർ സെലൻസ്കിയെയും മോദി കാണും. കഴിഞ്ഞ മാസം മോദി റഷ്യ സന്ദർശിച്ചതിന് പിന്നാലെ യുക്രെയ്ൻ സന്ദർശിക്കാത്തതിന് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രി യുക്രെയ്ൻ സന്ദർശിക്കുമെന്ന തീരുമാനം വന്നത്.