വയനാട്ടിൽ എംഡിഎംഎയുമായി അഞ്ച് യുവാക്കൾ എക്സൈസ് പിടിയിൽ. ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽനിന്നാണ് ലഹരി പിടികൂടിയത്. വയനാട് സ്വദേശികളായ ഫൈസൽ റാസി, അസനൂൽ ഷാദുലി , സോബിൻ കുര്യാക്കോസ്, എറണാകുളം സ്വദേശി മുഹമ്മദ് ബാവ , മലപ്പുറം സ്വദേശി ഡെൽബിൻ ഷാജി ജോസഫ് എന്നിവരാണ് പിടിയിലായത്. എല്ലാവരും 20നും 25നും വയസ്സിന് ഇടയിൽ പ്രായമുള്ളവരാണ്. 204 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ബംഗളൂരുവിൽ നിന്ന് കാറിൽ മയക്കുമരുന്ന് കടത്തിക്കൊണ്ട് വരുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്. കാറിന്റെ സ്റ്റിയറിംഗിനു താഴെയുള്ള അറയിൽ ഇൻസുലേഷൻ ടേപ്പ് വച്ച് ഒട്ടിച്ച് മറച്ച നിലയിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
