പെരിയാർ നദിയിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. കമ്പനികളിലെ രാസമാലിന്യം കലർന്ന വെള്ളം നദിയിലേക്ക് ഒഴുക്കിവിട്ടതിനെ തുടർന്നാണ് മീനുകൾ ചത്തതെന്ന് പ്രദേശവാസികൾ പറയുന്നു. ചേന്നൂർ കോതാട് ഭാഗത്താണ് വിവിധയിനം മീനുകൾ വ്യാപകമായി ചത്തൊടുങ്ങിയത്.ഇന്നലെ രാത്രിയോടെയാണ് മത്സ്യങ്ങൾ ചത്തുപൊങ്ങുന്നെന്ന വിവരം ആദ്യം ലഭിച്ചത്. ഇന്ന് രാവിലെയോടെ കരിമീൻ, കണമ്പ്, ഞണ്ട്, കൊഴുവ തുടങ്ങി പെരിയാറിലെ മുഴുവൻ മത്സ്യവും ചത്തുപൊങ്ങിയ നിലയിലാണ്. രാസമാലിന്യം കലർന്ന പുഴയിലെ വെള്ളത്തിന്റെ നിറവും മാറിയിട്ടുണ്ട്. വലിയ തോതിലുള്ള ദുർഗന്ധവും സ്ഥലത്ത് നിലവിലുണ്ട്.