പശ്ചിമബംഗാളില്‍ സ്വകാര്യ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ 14 പേര്‍ മരിച്ചു. കൊല്‍ക്കത്തയിലെ നഗരമധ്യത്തിലുള്ള ഹോട്ടലില്‍ ഇന്നലെ രാത്രി എട്ടരയോടെയാണ് തീപിടുത്തം ഉണ്ടായത്. കൊൽക്കത്തയിലെ ബുറാബസാറിലെ റിതുരാജ് ഹോട്ടലിലാണ് തീപിടുത്തമുണ്ടാവുന്നത്. ഒന്നാം നിലയിലാണ് ആദ്യം തീ പടർന്നത്. പിന്നാലെ മുകൾ നിലയിലേക്കും തീയും പുകയും പടർന്നു. പരിഭ്രാന്തരായ താമസക്കാർ ആറ് നിലക്കെട്ടിടത്തിൻറെ ടെറസിലേക്ക് ഓടിക്കയറി. പുക ശ്വസിച്ച് ചിലർ ബോധരഹിതരായി. ഇടുങ്ങിയ വഴികളിലൂടെ അഗ്നിശമന സേന എത്താൻ ബുദ്ധിമുട്ടി. മണിക്കൂറുകൾ പണിപ്പെട്ടാണ് തീയണച്ചത്. എട്ട് മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. പരുക്കുകളോടെ 13 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുരന്തത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവർ നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ സഹായം അനുവദിച്ചു. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
