ഒമാനിലെ പൊതുനിരത്തുകളിൽ വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസ പ്രകടനങ്ങളോ പ്രദർശനങ്ങളോ നടത്തുന്നത് ഒഴിവാക്കണമെന്ന് ഒമാൻ പൊലീസിന്റെ മുന്നറിയിപ്പ്. നിയമ ലംഘകർക്ക് മൂന്ന് മാസത്തിൽ കൂടാത്ത തടവും അഞ്ഞൂറ് ഒമാനി റിയാലിൽ കവിയാത്ത പിഴയും അല്ലെങ്കിൽ ഇവയിലൊന്നോ ശിക്ഷയായി ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത ആർഒപി ഓർമിപ്പിച്ചു. എല്ലാവരും സുരക്ഷിതമായ റോഡ് ഗതാഗതം വളർത്തിയെടുക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പാലിക്കണമെന്നും ആർഒപി ആഹ്വാനം ചെയ്തു. ട്രാഫിക്ക് നിയമലംഘനം നടത്തുന്നവരെ നിരീക്ഷിക്കാനായി എഐ കാമറകളും ഒമാൻ പൊലീസ് സ്ഥാപിച്ചിട്ടുണ്ട്.