POLITICAL NEWS THIRUVANATHAPURAM:തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ 4 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. അഭി വിക്രം, വികാസ് കൃഷ്ണൻ, ബിനിൽ വിനു, ഫെന്നി എന്നിവരാണ് അറസ്റ്റിലായത്. അടൂർ സ്വദേശികളാണ് അറസ്റ്റിലായവർ. പ്രതികൾക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കേസുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ഉടൻ നോട്ടീസ് നൽകും. ശനിയാഴ്ച ഹാജരാകാനാണ് നോട്ടീസ് നൽകുന്നത്. കേസെടുത്ത് യൂത്ത് കോൺഗ്രസിനെ വരുതിയിലാക്കാം എന്ന് കരുതേണ്ടെന്നും കസ്റ്റഡിയിലുള്ള പ്രവർത്തകർ എല്ലാം നിരപരാധികളാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചിരുന്നു. വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കേണ്ട ആവശ്യം യൂത്ത് കോൺഗ്രസിന് ഇല്ലെന്നും കേസന്വേഷണം സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ടയുടെ പുറത്താണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. അന്വേഷണ സംഘത്തിന് മുന്നിൽ സംഘടന പ്രതിരോധം തീർക്കില്ല. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ല, വിളിച്ചാൽ നെഞ്ചുവേദന വരില്ലെന്നും പിണറായി വിജയന് പ്രസംഗിക്കാനുള്ള ഒരു വിഷയം മാത്രമായി കേസ് മാറുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.