ഡല്‍ഹിയില്‍ സ്‌കൂളിന് സമീപം സ്‌ഫോടനം. രോഹിണി പ്രശാന്ത് വിഹാറിലെ എസ്ആര്‍പിഎഫ് സ്‌കൂളിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. സ്‌കൂളിന് സമീപത്തെ കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്നാണ് സംശയം. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഗ്നിശമന സേനയുടെ യൂണിറ്റുകളും പൊലീസും സ്ഥലത്തെത്തി. ഇന്ന് രാവിലെ 7.45ഓടെയായിരുന്നു സംഭവം. സ്‌ഫോടനം നടന്ന സ്ഥലത്ത് ഫോറന്‍സിക് പരിശോധന ആരംഭിച്ചു. സ്‌കൂളിന്റെ ചുമരുകള്‍ക്കും സമീപത്ത് നിർത്തിയിട്ടിരുന്ന കാറുകള്‍ക്കും കേടുപാടുകളുണ്ടായിട്ടുണ്ട്. വലിയ ശബ്ദത്തോടെയാണ് സ്‌ഫോടനമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അമിത് ഗോയല്‍ വ്യക്തമാക്കി. സംഭവത്തില്‍ ദുരൂഹമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.