Latest Malayalam News - മലയാളം വാർത്തകൾ

കാലവർഷമെത്തിയതോടെ പനിച്ചുവിറച്ച് എറണാകുളം ജില്ല; ഒരാഴ്ചയ്ക്കിടെ 5,000 പേർ ചികിത്സ തേടി;ഡെങ്കിയും മഞ്ഞപ്പിത്തവും പടരുന്നു 

Kochi

മഴക്കാലം ആരംഭിച്ച് ഒരു മാസമായപ്പോൾ പനിച്ചുവിറച്ച് എറണാകുളം ജില്ല. ഡെങ്കിപ്പനി, വൈറൽപ്പനി, മഞ്ഞപ്പിത്ത ബാധയാണ് പടർന്നിരിക്കുന്നത്. ജൂണ്‍ 20 മുതൽ 26 വരെയുള്ള ഒരാഴ്ചയ്ക്കിടെ 5,000 പേർ പനിയോ പനിലക്ഷണങ്ങളോ ആയി ചികിത്സ തേടി. ഇതിൽ 200ലേറെ പേർക്ക് വൈറൽ പനി സ്ഥിരീകരിച്ചു.  ഡെങ്കിപ്പനി ബാധയും ജൂണിൽ കുത്തനെ കൂടി. ഒരാഴ്ചയ്ക്കുള്ളിൽ ഡെങ്കിപ്പനി ബാധിച്ചത് 239 പേർക്കാണ്. 219 പേർ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടി. ഒരാൾ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ബുധനാഴ്ച മാത്രം 73 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു.

ജൂൺ തുടക്കം മുതൽ 25 വരെ 403 പേർക്ക് ഡെങ്കി സ്ഥിരീകരിക്കുകയും 490 പേർ പനിബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു. ഏപ്രിലിൽ 262 പേർ ഡെങ്കിപ്പനിയുടെ ലക്ഷണം കാണിക്കുകയും 83 പേർക്ക് സ്ഥിരീകരിക്കുകയും ചെയ്തു.  മേയിൽ ഇത് യഥാക്രമം 253, 215 എന്ന കണക്കിലായിരുന്നു.  കാലവർഷമെത്തിയതോടെ ജൂണില്‍ ഡെങ്കിബാധ കുത്തനെ ഉയർന്നു.

ജില്ലയിൽ പടർന്നുപിടിച്ച മഞ്ഞപ്പിത്ത ബാധയ്ക്ക് കുറവുണ്ടെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ 37 പേർക്കാണ് രോഗമുണ്ടായത്. 60ലേറെ പേർ രോഗലക്ഷണങ്ങളുമായി ചികിത്സ തേടി. പെരുമ്പാവൂരിലെ വേങ്ങൂരിലും കളമശ്ശേരിയിലുമാണ് മഞ്ഞപ്പിത്തം കൂടുതൽ ബാധിച്ചത്. വേങ്ങൂരിൽ കുടിവെള്ളത്തിൽ ഹെപ്പറ്റൈറ്റിസ് എ വൈറസുകൾ പടർന്നതായിരുന്നു അസുഖ കാരണം. അതേസമയം, മൂവാറ്റുപുഴ മേഖലയില്‍ അതീവ ഗുരുതരമായ ഹെപ്പറ്റൈറ്റിസ് ബി രോഗബാധയും റിപ്പോർട്ട് ചെയ്തിരുന്നു.

 

Leave A Reply

Your email address will not be published.