Kerala News Today-തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്ക് വിചിത്ര നിര്‍ദ്ദേശവുമായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിൽ കൊണ്ട് വരരുത്. വീട്ടിൽ നിന്നുള്ള മാലിന്യം സെക്രട്ടേറിയറ്റിൽ കൊണ്ട് വന്നു നിക്ഷേപിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഉത്തരവ്. നടപടി ഉണ്ടാകുമെന്നും ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കുന്നു. സെക്രട്ടേറിയറ്റ് വളപ്പിൽ നായ്ക്കൾക്ക് ഭക്ഷണം നൽകി സംരക്ഷിക്കരുത്, വെള്ളക്കുപ്പികളിൽ അലങ്കാര ചെടി വളർത്തരുത് തുടങ്ങിയ നിർദേശങ്ങളും സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് സെൽ നൽകിയ നിർദേശങ്ങളിൽ ഉണ്ട്.
ശുചീകരണ ക്യാംപയിൻ്റെ ഭാഗമായി ഓഫിസും പരിസരവും വൃത്തിയാക്കണമെന്ന തദ്ദേശ വകുപ്പ് മന്ത്രിയുടെ സർക്കുലർ ഉള്ളപ്പോഴാണ് സെക്രട്ടറിയേറ്റിൽ തന്നെ മാലിന്യം ഉദ്യോഗസ്ഥർ നിക്ഷേപിച്ചത്. രാവിലെ സെക്രട്ടറിയേറ്റിലേക്ക് വരുമ്പോൾ വീട്ടിലെ മാലിന്യം കയ്യിൽ കരുതുന്ന ഉദ്യോഗസ്ഥർ ആരുമില്ലാത്ത നേരത്ത് വെയ്സ്റ്റ് ബിന്നിൽ തള്ളുന്നതായാണ് കണ്ടെത്തൽ. മുഖ്യമന്ത്രിയുടേയും തദ്ദേശവകുപ്പ് മന്ത്രിയുടെയും ഓഫിസിരിക്കുന്ന ക്യാംപസിലാണ് ഇതെന്നുമോർക്കണം.
ദിനംപ്രതി ഇതു കൂടി വന്നതോടെയാണ് സർക്കുലറുമായി ഹൗസ് കീപ്പിങ്ങ് വിഭാഗം രംഗത്തെത്തിയത്. വെയ്സ്റ്റ് ബിന്നുകളുടെ സമീപത്ത് സിസിടിവികൾ സ്ഥാപിച്ചിട്ടുണ്ടെന്നും വീട്ടിലെ മാലിന്യം ഇവിടെ തള്ളിയാൽ അച്ചടക്ക ലംഘനമായി കാണുമെന്നും സർക്കുലർ ഓർമപ്പെടുത്തുന്നു. മാത്രമല്ല ഉച്ചഭക്ഷണം സ്റ്റീൽ പാത്രങ്ങളിലോ, പ്ലാസ്റ്റിക് പാത്രങ്ങളിലോ മാത്രമേ കൊണ്ടുവരാവുവെന്നും ചൂണ്ടിക്കാട്ടുന്നു. വരാന്തകളിലും മറ്റുമുള്ള ഫയലുകൾ എത്രയും വേഗം നീക്കണമെന്നും നിർദേശമുണ്ട്. വീട്ടിൽ നിന്നും മാലിന്യം കൊണ്ടുവന്ന് സെക്രട്ടറിയേറ്റിൽ തട്ടിയ ചില ഉദ്യോഗസ്ഥർ സിസിടിവിയിൽ കുടുങ്ങിയതായും സൂചനയുണ്ട്.
Kerala News Today