മസ്തകത്തിന് മുറിവേറ്റ നിലയിൽ അതിരപ്പിള്ളിയിൽ കണ്ടെത്തിയ ആന നിലവിൽ അവശനാണെന്ന് അധികൃതർ. ആരോഗ്യ നില വളരെ മോശമാണെന്നും ഭക്ഷണം എടുക്കാൻ പോലും ബുദ്ധിമുട്ടിലാണെന്നും അധികൃതർ വിലയിരുത്തി. ആദ്യം ആനയെ കൂട്ടിലാക്കി പരിശോധന നടത്തേണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും നിലവിലെ സ്ഥിതി കണക്കിലെടുത്ത് ഈ തീരുമാനം മാറ്റുകയായിരുന്നു. ആനയെ ഇന്ന് തന്നെ പിടികൂടി കൊണ്ടുവന്ന് പരിചരിക്കുന്നതിനായി കോടനാട് അഭയാരണ്യത്തിൽ തയ്യാറെടുപ്പുകൾ തുടങ്ങി. രണ്ടുവർഷം മുൻപ് അരികൊമ്പന് ഒരുക്കിയ കൂട് തന്നെ അതിരപ്പിള്ളിയിൽ നിന്നെത്തുന്ന കൊമ്പനും മതിയാകും എന്ന കണക്കുകൂട്ടലിലാണ് വനം വകുപ്പ്.
കഴിഞ്ഞ മാസമായിരുന്നു മസ്തകത്തിൽ പരിക്കേറ്റ നിലയിൽ ആനയെ വനത്തിനുള്ളിൽ കണ്ടെത്തിയത്. ആനയുടെ മസ്കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പറ്റിയതാകാം എന്നായിരുന്നു നിഗമനം. തുടർന്ന് ആനയെ മയക്കുവെടി വെച്ച് പരിശോധിച്ച ശേഷം ചികിത്സ നൽകുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും ആനയുടെ അവസ്ഥ മോശമാകുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ആനയെ അസ്വസ്ഥനായി അതിരപ്പിള്ളിയിലെ എണ്ണപ്പന തോട്ടത്തിലും റോഡിലുമായി കണ്ടെത്തുകയായിരുന്നു. പിന്നാലെയാണ് ആനയുടെ അവസ്ഥ വിലയിരുത്തി വീണ്ടും ചികിത്സ നടത്താൻ തീരുമാനമാകുന്നത്.