ഓണക്കാലത്ത് പച്ചക്കറി വിലക്കയറ്റം പതിവ് വാർത്തയാണെങ്കിലും ഇക്കുറി അതൊന്ന് മയപ്പെട്ടിട്ടുണ്ട്. സർക്കാർ ഏജൻസികളുടെ വിപണിയിലെ ഇടപെടലുകളും കാര്യക്ഷമമായതോടെ ഓണക്കാലത്ത് പച്ചക്കറിവില പൊള്ളുന്നുവെന്ന പതിവ് പല്ലവി ഇത്തവണയില്ല. അയൽനാടുകളിൽ നിന്ന് പച്ചക്കറികൾ എത്തുന്നതിനോടൊപ്പം തന്നെ ഓണക്കാലം ലക്ഷ്യമിട്ട് നാട്ടിൽ വ്യാപകമായി നടത്തിയ കൃഷിയിൽ മികച്ച വിളവെടുപ്പുണ്ടായതാണ് വിലക്കയറ്റത്തിന് തടയിട്ടത്. ഹോർട്ടികോർപ്പിന്റെ പച്ചക്കറി ചന്തകളിൽ പൊതുവിപണിയേക്കാൾ വിലക്കുറവിൽ പച്ചക്കറികൾ ലഭ്യമാക്കുന്നുണ്ട്. ജില്ലയിൽ പതിനഞ്ചോളം ഹോട്ടികോർപ് ചന്തകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
അതേസമയം കേരളത്തിന് പുറത്തുള്ള പച്ചക്കറി വിപണികളെ വെച്ച് നോക്കിയാൽ ഓണം അടുത്തെങ്കിലും തമിഴ്നാട്ടിലെ വിപണിയിൽ ഇത്തവണ വില കുതിച്ചുയർന്നിട്ടില്ല. മുൻവർഷത്തെ അപേക്ഷിച്ച് കേരളത്തിലെ ക്കുള്ള പച്ചക്കറിയുടെ കയറ്റുമതി കുറവാണെന്ന് വ്യാപാരികൾ പറയുന്നു. മധ്യ കേരളത്തിൽ ഏറ്റവും കൂടുതൽ എത്തുന്നത് തമിഴ്നാട് തേനി ജില്ലയിൽ നിന്നുള്ള പച്ചക്കറികളാണ്. തേവാരം, ചിന്നമന്നൂര്‍, കമ്പം, തേനി, ശീലയംപെട്ടി, വത്തലഗുണ്ട്, ഗൂഡല്ലൂര്‍ തുടങ്ങിയ തെക്കന്‍ തമിഴ്നാട്ടിലെ പച്ചക്കറി തോട്ടങ്ങളുടെ പ്രധാന വിപണി കേരളമാണ്. ഓണം മുന്നില്‍ കണ്ടാണ് പലപ്പോഴും കൃഷികള്‍ ക്രമീകരിക്കുന്നതും. എന്നാൽ ഓണത്തിന്റെ തിരക്ക് മാർക്കറ്റുകളിൽ അനുഭവപ്പെടുന്നില്ല എന്നാണ് ചിന്നമന്നൂർ മാർക്കറ്റിലെ വ്യാപാരികൾ പറയുന്നത്.