ഒമ്പത് വയസുകാരനായ മകനെ വായിൽ പേപ്പർ ബോൾ തിരുകിവച്ച് കൊലപ്പെടുത്തി പിതാവ്. മഹാരാഷ്ട്ര താനെയിലെ കാസറ മേഖലയിലെ വാഷ്‌ലയിൽ തിങ്കളാഴ്ച അർധരാത്രിയാണ് സംഭവം. സംഭവത്തിൽ 59കാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസമയം പ്രതി മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് പിന്നിലെ യഥാർഥ കാരണം ഇതുവരെ വെളിവായിട്ടില്ല. വീട്ടുതർക്കങ്ങളെ തുടർന്ന് പ്രതിയും ഭാര്യയും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും കുട്ടി അമ്മയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നതെന്നും പൊലീസ് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇതിനിടെ, തിങ്കളാഴ്ച കുട്ടിയെ അമ്മവീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് കുടുംബക്കാർ തെരച്ചിൽ നടത്തിവരവെ ചൊവ്വാഴ്ച രാവിലെ എട്ടോടെ പിതാവിന്റെ വീട്ടിൽ കുട്ടിയുള്ളതായി കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.