KERALA NEWS TODAY-മൂവാറ്റുപുഴ : മദ്യലഹരിയിൽ കാറോടിച്ച് അപകടം സൃഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥനെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി.
കരിങ്കുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ചെമ്പകപ്പാറ പാടലംകുന്നേൽ അജീഷ് കുര്യനെ (40) ആണ് നാട്ടുകാർ പൊലീസിനു കൈമാറിയത്. അജീഷിനെതിരെ മദ്യപിച്ചു വാഹനമോടിച്ചതിനു പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
ഇന്നലെ വൈകിട്ട് എംസി റോഡിൽ വാഴപ്പിള്ളിയിൽ ആണ് സംഭവം.
മദ്യലഹരിയിലായിരുന്ന അജീഷ് ഓടിച്ചിരുന്ന കാർ കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു.
അപകടം ചോദ്യം ചെയ്ത ബസ് ജീവനക്കാരും യാത്രക്കാരുമായി അജീഷ് തർക്കിക്കുകയും ബഹളംവയ്ക്കുകയും ചെയ്തതോടെ നാട്ടുകാർ പിടികൂടി പൊലീസിനെ വിളിച്ചു വരുത്തി കൈമാറുകയായിരുന്നു.
പൊലീസ് വൈദ്യ പരിശോധനയ്ക്കു ശേഷം അജീഷിനെതിരെ മദ്യപിച്ചു വാഹനം ഓടിച്ചതിനു കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
റൂറൽ ജില്ലാ പൊലീസ് മേധാവിക്കു റിപ്പോർട്ടും നൽകി.