സിനിമ സെറ്റിലെ ലഹരി ഉപയോഗം തടയിടാൻ നീക്കവുമായി ഫെഫ്ക്ക. സിനിമ സെറ്റുകളിൽ ലഹരിവിരുദ്ധ ജാഗ്രത കമ്മിറ്റികൾ രൂപീകരിക്കുമെന്ന് ഫെഫ്ക്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. സിനിമയിലെ പ്രധാനപെട്ട 7 പേർ സമിതിയിൽ ഉണ്ടാകും. ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ എക്സൈസിനെ അക്കാര്യം അറിയിക്കും. ജാഗ്രത സമിതികൾ അനിവാര്യമായ കാലഘട്ടമാണിത്. എല്ലാ മേഖലകളിലും ലഹരിയുടെ വിപത്തുണ്ട്. സ്വയം ശുദ്ധികരണമാണ് ലക്ഷ്യമെന്നും ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു.
ജാഗ്രത സമിതികൾ വരുന്നത്തോടെ പുറത്ത് നിന്നുള്ള പരിശോധനകളുടെ ആവശ്യം വരില്ല എന്നാണ് ഫെഫ്‌ക്കയുടെ വിലയിരുത്തൽ. സംവിധായകനും, പ്രൊഡക്ഷൻ കണ്ട്രോളറുമാകും സമിതിയിലെ പ്രധാനികൾ. സിനിമ സെറ്റുകളിലെ മറ്റ് പരിശോധനകളെ കുറിച്ച് തീരുമാനിക്കേണ്ടത് എക്‌സൈസും പൊലീസുമാണ്. ലഹിരിക്കെതിരായ എല്ലാ പ്രവർത്തനങ്ങളിലും ഫെഫ്ക്ക സഹകരിക്കുമെന്നും ബി ഉണ്ണികൃഷ്ണൻ അറിയിച്ചു.