കൊല്ലം കൊട്ടാരക്കര ഗവൺമെൻ്റ് ആശുപത്രിയിൽ വച്ച് ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ ജാമ്യ അപേക്ഷ പരിഗണിച്ച കോടതി പ്രതിയുടെ മാനസിക നില പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു. വിചാരണ നിർത്തി വയ്ക്കണമെന്ന അഭിഭാഷകൻ ബിഎ ആളൂരിന്റെ ആവശ്യവും കോടതി അംഗീകരിച്ചിരുന്നില്ല. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സന്ദീപ് സുപ്രീം കോടതിയെ സമീപിച്ചത്. സന്ദീപിന്റെ വിടുതൽ ഹർജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ വന്ദന ദാസിനെ സന്ദീപ് കുത്തിക്കൊലപ്പെടുത്തുക ആയിരുന്നു. 2023 മെയ് 10നാണ് യുവ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെടുന്നത്. വൈദ്യ പരിശോധനയ്‌ക്കായി എത്തിയ പ്രതി സന്ദീപ് വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സന്ദീപിന്റെ സ്വഭാവം മാറിയത് പെട്ടെന്നാണ്. പോലീസുകാരും സഹപ്രവർത്തകരും നോക്കിനിൽക്കെയാണ് നിസ്സഹയായ വന്ദനയുടെ ശരീരത്തിലേക്ക് കത്രിക കുത്തിയിറക്കിയത്.