മഹാകുംഭ മേളയിലെ ത്രിവേണി സംഗമത്തിൽ മുങ്ങിക്കുളിക്കാൻ സാധിക്കാത്തവർക്കായി അസാധാരണമായ സേവനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു പ്രാദേശിക സംരംഭകൻ. മഹാകുംഭമേളയ്ക്ക് നേരിട്ട് എത്താൻ സാധിക്കാത്തവർക്കായി ‘ഡിജിറ്റൽ സ്നാൻ’ സേവനമാണ് ഇദ്ദേഹം വാഗ്ദാനം ചെയ്യുന്നത്. ഓൺലൈനായി പണവും ചിത്രവും അയച്ചു കൊടുത്താൽ ഫോട്ടോയുമായി ത്രിവേണി സംഗമത്തിൽ ഇദ്ദേഹം മുങ്ങിക്കുളിക്കും. ഈ പ്രതീകാത്മക ചടങ്ങിന് ഒരു വ്യക്തിക്ക് 1,100 രൂപയാണ് ഇയാൾ ഈടാക്കുന്നത്.
ഡിജിറ്റൽ സ്നാൻ നടത്തേണ്ടവരുടെ ചിത്രം ഇദ്ദേഹത്തിന്റെ വാട്സാപ്പിലേക്കും പണം ഓൺലൈൻ പെയ്മെൻറ് ആയും നൽകണം. വാട്സപ്പിൽ എടുക്കുന്ന ചിത്രങ്ങളുടെ കോപ്പി പ്രിൻറ് എടുത്താണ് ഇദ്ദേഹം ഈ ചടങ്ങ് നടത്തുന്നത്. പ്രയാഗ്രാജ് ആസ്ഥാനമായുള്ള ഒരു മനുഷ്യനാണ് ഇത്തരത്തിൽ ഒരു സേവനം വാഗ്ദാനം ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തത്. പ്രയാഗ് രാജ് എന്റര്‍പ്രൈസസ് എന്ന തന്റെ കമ്പനിയാണ് ഈ ഡിജിറ്റല്‍ സ്നാനം നല്‍കുന്നതെന്നും അദ്ദേഹം വീഡിയോയില്‍ അവകാശപ്പെടുന്നുണ്ട്.
ഹിന്ദുമത വിശ്വാസ പ്രകാരം 144 വർഷത്തിലൊരിക്കൽ നടത്തി വരുന്ന ഉത്സവമാണ് മഹാകുംഭ മേള. ജനുവരി 13 -ന് ആരംഭിച്ച ഉത്സവം ഫെബ്രുവരി 26 വരെ നീണ്ടുനിൽക്കും. ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ ദിവസവും മഹാ കുംഭമേളയിൽ പങ്കെടുക്കാനും ത്രിവേണി സംഗമത്തിൽ കുളിക്കാനുമായി ഇവിടേക്ക് ഓരോ ദിവസവും എത്തുന്നത്.