
NATIONAL NEWS-ചെന്നൈ: ബിജെപിയുമായുള്ള കാൽ നൂറ്റാണ്ടു കാലത്തെ ബന്ധം ഉപേക്ഷിച്ച് നടി ഗൗതമി.
തന്റെ പണം തട്ടിയെടുത്ത സി. അഴകപ്പൻ എന്നയാളെ ബിജെപി നേതാക്കൾ പിന്തുണയ്‌ക്കുന്നു എന്നാരോപിച്ചാണ് നടി ബിജെപി വിട്ടത്. പ്രതിസന്ധി ഘട്ടത്തിൽ ബിജെപിയിൽനിന്നും പിന്തുണ ലഭിച്ചില്ലെന്ന് ഗൗതമി കുറ്റപ്പെടുത്തി.
രാജപാളയം നിയമസഭാ മണ്ഡലത്തിൽ സീറ്റ് നൽകാമെന്നു പറഞ്ഞ് കബളിപ്പിച്ചതായും ഗൗതമി ആരോപിച്ചു.
പണം തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് നീതി ലഭിക്കുന്ന കാര്യത്തിൽ തമിഴ്‍നാട് സർക്കാരിൽ വിശ്വാസമർപ്പിക്കുന്നതായും ഗൗതമി വ്യക്തമാക്കി.
5 കോടി രൂപയുടെ സ്വത്ത് വ്യാജരേഖകൾ ഉപയോഗിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ച് ഗൗതമി ചെന്നൈ പൊലീസ് കമ്മിഷണർക്കു പരാതി നൽകിയിരുന്നു. ബിൽഡറായ അഴകപ്പൻ, ഭാര്യ എന്നിവർക്ക് എതിരെയായിരുന്നു പരാതി. തനിക്കും മകൾക്കും വധഭീഷണിയുണ്ടെന്നും ഗൗതമി പരാതിയിൽ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക ആവശ്യങ്ങൾക്കായി തന്റെ പേരിലുള്ള 46 ഏക്കര്‍ ഭൂമി വിൽക്കാൻ തീരുമാനിച്ചിരുന്നു. അതു വിൽക്കാൻ സഹായിക്കാമെന്ന് അഴകപ്പനും ഭാര്യയും വാഗ്‌ദാനം ചെയ്തു. അവരെ വിശ്വസിച്ച് പവർ ഓഫ് അറ്റോർണി നൽകിയെന്നും അഴഗപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ചും വ്യാജരേഖ ചമച്ചും 25 കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നുമാണ് ഗൗതമി പരാതിയിൽ പറയുന്നത്.
നടൻ കമൽഹാസനുമായി പിരിഞ്ഞ ശേഷം മകൾ സുബ്ബലക്ഷ്മിക്കൊപ്പമാണ് ഗൗതമിയുടെ താമസം. 1998ല്‍ വ്യവസായിയായ സന്ദീപ് ഭാട്ടിയയെ ഗൗതമി വിവാഹം ചെയ്തുവെങ്കിലും ഒരു വര്‍ഷത്തിനകം ഇവര്‍ വേര്‍പിരിഞ്ഞിരുന്നു. സുബ്ബലക്ഷ്മി ഏക മകളാണ്.