ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ അറസ്റ്റിലായ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. സഹോദരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഏഴു ദിവസത്തെ ഇടക്കാല ജാമ്യമാണ് ഡൽഹി ഹൈക്കോടതി അനുവദിച്ചത്. ഏഴ് ദിവസത്തേക്കാണ് ഡൽഹി കോടതി ജാമ്യം അനുവദിച്ചത്. ഈ മാസം 28 മുതൽ ജനുവരി മൂന്നു വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. മൂന്നാം തീയതി വൈകിട്ടോടു കൂടി ജയിലിൽ കീഴടങ്ങാൻ നിർദേശിച്ചിട്ടുണ്ട്. കർശന ഉപാധികളോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട സാക്ഷികളെയോ വ്യക്തികളെയോ ബന്ധപ്പെടാൻ പാടില്ല. സോഷ്യൽ മീഡിയ ഉപയോഗിക്കരുത്. കുടുംബാംഗങ്ങളെയും ബന്ധുക്കളെയും മാത്രമേ ഇടക്കാല ജാമ്യ കാലയളവിൽ കാണാൻ പാടുള്ളൂ. സ്വന്തം വീട്ടിലും വിവാഹ വേദിയിലും മാത്രമേ പോകാൻ പാടുള്ളൂ. തുടങ്ങിയ കർശന ഉപാധികളാണ് കോടതി നിർദേശിച്ചിരിക്കുന്നത്. 2020 സെപ്തംബർ മാസത്തിലാണ് ഉമറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. 2020 ഫെബ്രുവരി മാസത്തിൽ 53 പേർ മരിക്കാനിടയാക്കിയ കലാപത്തിന്റെ ആസൂത്രകനാണെന്ന് ആരോപിച്ചു കൊണ്ടാണ് ഉമറിനെതിരെ യുഎപിഎ ചുമത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെയുള്ള പ്രതിഷേധത്തിനിടെയാണ് അക്രമമുണ്ടായത്.
