രാജ്യതലസ്ഥാനത്തെ കനത്ത മഴയിൽ ദുരിതക്കയത്തിൽ മുങ്ങി ഡൽഹി നിവാസികൾ. 88 വർഷത്തിടെ ജൂൺ മാസത്തിൽ പെയ്ത റെക്കോർഡ് മഴയിൽ മിക്കയിടത്തും വെള്ളംകയറി. ഇതുവരെ അഞ്ച് പേർ മരിച്ചതായാണ് ഔദ്യോഗിക വിവരം. മഴവെള്ളം നിറഞ്ഞ കുഴിയിൽ വീണ രണ്ട് കുട്ടികളടക്കമാണ് മരിച്ചത്. ഉസ്മാൻപുർ സ്വദേശികളായ എട്ടും പത്തും വയസ്സുള്ള ആൺകുട്ടികളാണ് കളിക്കുന്നതിനിടെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചത്.
വെള്ളിയാഴ്ച മാത്രം ഡൽഹിയിൽ 228.1 മില്ലിമീറ്റർ മഴയാണ് പെയ്തത്. ശനിയാഴ്ച രാവിലെ മുതൽ മഴക്ക് ശമനമുണ്ടെങ്കിലും വൈദ്യുതി ബന്ധം താറുമാറായതും ശുദ്ധജല ക്ഷാമവും ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി ഡൽഹിയിലും പരിസര പ്രദേശത്തും മഴ മുന്നറിയിപ്പുണ്ട്. ദ്വാരക, പാലം, വസന്ത് വിഹാർ, വസന്ത് കുഞ്ജ്, ഗുഡ്ഗാവ്, ഫരീദബാദ്, മനേശ്വർ എന്നിവിടങ്ങളിൽ വ്യാപക മഴയുണ്ടാകും.
റോഡുകളിൽ വെള്ളം കയറിയതും മരം കടപുഴകിയതും നഗരത്തിലെ ഗതാഗതം താറുമാറാക്കി. കിഷൻഗഞ്ചിലെ അണ്ടർ പാസിൽ പാസഞ്ചർ ബസിൽ കുടുങ്ങിയ യാത്രക്കാരെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. ഡൽഹി സർക്കാർ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്.