ലൈംഗിക ആരോപണം നേരിടുന്ന മുകേഷിനെ പരസ്യമായി പിന്തുണച്ച കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ബിജെപിയിൽ കടുത്ത അമർഷം. പാർട്ടിയെ വെട്ടിലാക്കുന്ന സുരേഷ് ഗോപിയെ കേന്ദ്ര നേതൃത്വം ഇടപെട്ട് നിയന്ത്രിക്കണമെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്. വിവാദങ്ങളിൽ ഇന്ന് പ്രതികരിക്കാൻ സുരേഷ് ഗോപിയും കെ സുരേന്ദ്രനും തയ്യാറായിട്ടില്ല. ഇന്നലെ മാധ്യമങ്ങളെ അധിക്ഷേപിക്കുകയും തള്ളിമാറ്റുകയും ചെയ്ത സുരേഷ് ഗോപിയുടെ ഇന്നത്തെ യാത്ര മാധ്യമങ്ങള്‍ക്ക് നേരെ മൊബൈല്‍ ഉയര്‍ത്തി പിടിച്ചായിരുന്നു. തൃശൂരിൽ സുരേഷ് ഗോപി വിരിയിച്ച താമരയിലൂടെ സംസ്ഥാനത്താകെ നേട്ടമുണ്ടാക്കാനാകുമെന്നായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടൽ. പക്ഷെ കേരളത്തിലാദ്യമായി ലോക്സഭയിൽ ജയിച്ച ബിജെപി എംപി പിന്നീട് പാർട്ടിയെ നിരന്തരം വെട്ടിലാക്കുകയാണ്. പാർട്ടി അനുമതി ഇല്ലെങ്കിലും അടുത്ത മാസം ആറിന് അഭിനയിക്കാൻ പോകുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനത്തിൽ ദേശീയ നേതൃത്വത്തിന് നേരത്തെ അതൃപ്തിയുണ്ട്. ഡബിൾ റോളിന് പാർട്ടി അനുമതി ഉണ്ടാകാനിടയില്ല. സുരേഷ് ഗോപിയുടെ കാര്യത്തിൽ ബിജെപി നേതൃത്വം കൈക്കുള്ളന്ന തീരുമാനത്തിനായി കാത്തിരിക്കുകയാണ് കേരള ഘടകം.