Latest Malayalam News - മലയാളം വാർത്തകൾ

മറാത്താവാഡക്ക് മുകളിൽ ചക്രവാതച്ചുഴി; കേരളത്തിൽ ഇന്നും മഴ തുടരും, 8 ജില്ലകളിൽ യെല്ലോ അലർട്ട്

KERALA NEWS TODAY:
തിരുവനന്തപുരം: മറാത്താവാഡക്ക് മുകളിലെ ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ കേരളത്തിൽ ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് മാത്രമല്ല അടുത്ത 4 ദിവസം കേരളത്തിൽ വ്യാപകമായി ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മിതമായ/ ഇടത്തരം മഴയ്‌ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഇത് പ്രകാരം ഇന്ന് സംസ്ഥാനത്ത് 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം

മഞ്ഞ അലർട്ട്

10-06-2024: തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
11-06-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
12-06-2024: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള – തമിഴ് നാട് തീരങ്ങളിൽ ഇന്ന് (10-06-2024) രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.

ജാഗ്രത നിർദേശങ്ങൾ

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

Leave A Reply

Your email address will not be published.