സീപ്ലെയിൻ പദ്ധതിക്കെതിരെ സമര പരിപാടിയിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് എഐടിയുസി. പദ്ധതിക്കെതിരെ എഐടിയുസിയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം ആരംഭിച്ചു. ഒരാഴ്ചക്കാലം ഒപ്പുശേഖരണം നടക്കുമെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് വ്യക്തമാക്കി. നേരത്തെ സർക്കാറുമായി ചർച്ച നടത്തിയ ശേഷം സമരത്തെക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു മത്സ്യത്തൊഴിലാളി കോഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം. സിഐടിയുവും എഐടിയുസിയും അടക്കമുള്ള വിവിധ മത്സ്യത്തൊഴിലാളി യൂണിയനുകൾ പങ്കെടുത്ത കോഡിനേഷൻ കമ്മിറ്റിയിൽ പ്ലെയിനുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശങ്ക സർക്കാരിനെ അറിയിക്കാൻ തീരുമാനിച്ചെങ്കിലും സമര പരിപാടിയിലേക്ക് നീങ്ങാൻ ആലോചന ഇല്ലായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷം നിലപാട് കടുപ്പിക്കുകയാണ് സിപിഐ.
