കൊൽക്കത്ത : 9 കാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ 19കാരന് അറുപത്തി രണ്ട് ദിവസത്തിനുള്ളിൽ വധശിക്ഷ വിധിച്ച് കോടതി. പശ്ചിമ ബംഗാളിലാണ് സംഭവം. ഈ വർഷം ഒക്ടോബറിൽ നടന്ന സംഭവത്തിന് 62 ദിവസങ്ങൾക്കുള്ളിലാണ് കോടതി ശിക്ഷ വിധിച്ചത്. കൊൽക്കത്തയിലെ ജയാനഗറിൽ ഒക്ടോബർ 4നാണ് സംഭവം നടന്നത്. ട്യൂഷൻ ക്ലാസിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ 9 വയസുകാരിയെയാണ് 19കാരൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. മുസ്താകിൻ സർദാർ എന്ന 19കാരനാണ് കോടതി വധശിക്ഷ വിധിച്ചത്. കുട്ടിയെ കാണാതായ അന്നേ ദിവസം തന്നെ 9 വയസുകാരിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് രണ്ടര മണിക്കൂറിൽ പോലീസ് അക്രമിയെ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് 9 വയസുകാരിയുടെ മൃതദേഹം മറവ് ചെയ്ത സ്ഥലം 19കാരൻ പോലീസിനോട് വിശദമാക്കിയത്. കൊലപാതകം നടന്ന അന്നേ ദിവസം തന്നെ മൃതദേഹം കണ്ടെത്താനും പോലീസിന് സാധിച്ചിരുന്നു. പ്രത്യേക അഞ്ചംഗ സംഘമാണ് കേസ് അന്വേഷിച്ചത്. നിർണായക വിധിയെന്നാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിധിയെ നിരീക്ഷിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വേഗത്തിൽ ഇത്തരമൊരു കേസിൽ വധശിക്ഷ വിധിക്കുന്നതെന്നും മമത ബാനർജി വിശദമാക്കി.