Latest Malayalam News - മലയാളം വാർത്തകൾ

അമ്പലമുക്ക് വിനീത വധക്കേസിൽ രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി വിധി

Court finds Rajendran guilty in Ambalamukku Vineetha murder case

അമ്പലമുക്ക് വിനീത കൊലപാതകക്കേസിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്‌താവിച്ചത്. തമിഴ്നാട് സ്വദേശിയായ രാജേന്ദ്രനാണ് സ്വർണ മാല തട്ടിയെടുക്കാനായി വിനീതയെ വധിച്ചതെന്നാണ് കണ്ടെത്തൽ. കേസിൽ കോടതി ഇന്ന് ശിക്ഷാവിധി പ്ര‌സ്താവിച്ചിട്ടില്ല. ഈ മാസം 21ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കിയ കോടതി ഏഴ് റിപ്പോർട്ടുകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടു. പ്രതിയുടെ മാനസിക നില പരിശോധിക്കാനുള്ള റിപ്പോർട്ട് അടക്കമാണ് തേടിയത്.

2022 ഫെബ്രുവരി 6നാണ് നെടുമങ്ങാട് സ്വദേശി വിനീതയെ കുത്തി കൊലപ്പെടുത്തിയത്. പേരൂർക്കട അമ്പലമുക്കിലെ ചെടിക്കടയിൽ പട്ടാപകൽ ആയിരുന്നു കൊലപാതകം. വിനീത അണിഞ്ഞ നാലര പവന്റെ സ്വർണ മാല കവരാനാണ് പ്രതി രാജേന്ദ്രൻ കൊലപാതകം നടത്തിയത്. അതിക്രമം നടക്കുമ്പോൾ വിനീത മാത്രമാണ് കടയിൽ ഉണ്ടായിരുന്നത്. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതി തമിഴ്നാട് സ്വദേശി രാജേന്ദ്രൻ ആണെന്ന് കണ്ടെത്തിയത്. തമിഴ്നാട്ടിലെ കാവൽ കിണറിലെ ലോഡ്ജിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പേരൂർക്കടയിലെ ചായക്കടയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. തമിഴ്നാട്ടിലെ ഒരു കുടുംബത്തിലെ മൂന്നു പേരെ സമാന രീതിയിൽ കൊലപ്പെടുത്തിയ ഇയാൾ ജാമ്യത്തിൽ ഇറങ്ങിയാണ് തിരുവനന്തപുരത്തെ ഹോട്ടലിൽ ജോലിക്ക് എത്തിയത്.

Leave A Reply

Your email address will not be published.