NATIONAL NEWS AHMEDABAD:അഹമ്മദാബാദ്: വന്ദേ ഭാരത് ട്രെയിനുകൾ യാത്രക്കാർ ഏറ്റെടുത്തതിന് പിന്നാലെ കൂടുതൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ റെയിൽവേ. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ വരും മാസങ്ങളിൽ ട്രാക്കിലെത്തുമെന്ന സൂചന റെയിൽവേ നൽകിയിരുന്നു. ഫെബ്രുവരി – മാർച്ച് മാസത്തോടെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറങ്ങും. കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾക്കായി കേരളമടക്കമുള്ള സംസ്ഥാനങ്ങൾ കാത്തിരിക്കുമ്പോൾ തന്നെ വാർത്തകളിൽ നിറയുകയാണ് ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതി.ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2026 ഓടെ പ്രവർത്തനം ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. സൂററ്റിനും ബിലിമോറയ്ക്കും ഇടയിലാണ് ആദ്യ യാത്ര. 2026ൽ ഗുജറാത്തിലെ സൂററ്റിനും ബിലിമോറയ്ക്കും ഇടയിലാകും രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസിന് തയാറെടുക്കുന്നതെന്നാണ് മന്ത്രി വ്യക്തമാക്കിയത്.അതിവേഗം സഞ്ചരിക്കാനാകുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ നോക്കിക്കാണുന്നത്. ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി 270 കിലോമീറ്റർ നീണ്ട അടിത്തറയുടെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചുകഴിഞ്ഞു. പാളം നിർമാണവും ആരംഭിച്ചു. തീരുമാനിച്ചത് പോലെ തന്നെ പദ്ധതി കൃത്യസമയത്ത് തന്നെ പൂർത്തിയാക്കും. പദ്ധതി ശരിയായ പാതയിലാണെന്ന് റെയിൽവേ മന്ത്രി കൂട്ടിച്ചേർത്തു.