Latest Malayalam News - മലയാളം വാർത്തകൾ

മോദിക്കെതിരായ വിവാദ പരാമർശം; മൂന്ന് മാലദ്വീപ് മന്ത്രിമാർക്ക് സസ്പെൻഷൻ, രാജി ആവശ്യപ്പെട്ട് മുൻ വൈസ് പ്രസിഡന്‍റ്

POLITICAL NEWS MALE:മാലെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെ വിവാദ പരാമർശം നടത്തിയ മന്ത്രിമാരെ സസ്പെൻഡ് ചെയ്ത് മാലദ്വീപ്. മന്ത്രിമാരായ മറിയം ഷിവുന, മാൽഷ ഷരീഫ്, മഹ്സൂം മജീദ് എന്നിവരെയാണ് മാലദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്തത്. മോദി കഴിഞ്ഞദിവസം ലക്ഷദ്വീപ് സന്ദർശിച്ച ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു മാലദ്വീപ് മന്ത്രിമാർ വിവാദ പരാമർശം നടത്തിയത്. അതേസമയം മന്ത്രിമാർക്കെതിരെ ശക്തമായ നടപടി വേണമെന്നും രാജിവെച്ച് ഒഴിയണമെന്നും മാലദ്വീപ് മുന്‍ വൈസ് പ്രസിഡന്‍റ് അഹമ്മദ് അദീബ് ആവശ്യപ്പെട്ടു.മോദിയെ വിമർശിച്ച് മന്ത്രിമാർ രംഗത്തെത്തിയതിന് പിന്നാലെ മാലദ്വീപ് സർക്കാർ വിശദീകരണവുമായി രംഗത്തുവന്നിരുന്നു. മന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും സർക്കാരിന്‍റെ നിലപാടല്ലെന്നുമായിരുന്നു പ്രസ്താവന. വിമർശനങ്ങൾ രൂക്ഷമായതോടെയാണ് മൂന്നുപേരെയും സസ്പെൻഡ് ചെയ്തത്. ‘എന്തൊരു കോമാളി, ഇസ്രയേലിന്‍റെ പാവ, മിസ്റ്റർ നരേന്ദ്ര മോദി ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് ഡൈവ് ചെയ്യുന്നു’ എന്നായിരുന്നു മറിയം സോഷ്യൽ മീഡിയ പ്ലാറ്റഫോമായ എക്സിൽ കുറിച്ചത്.
മോദിയുടെ ലക്ഷദ്വീപ് സന്ദർശന വീഡിയോ സഹിതമായിരുന്നു മറിയം ഷിവുനയുടെ വിവാദ പരാമർശം. വിവാദമായതിനു പിന്നാലെ തന്നെ പോസ്റ്റ് മന്ത്രി നീക്കിയിരുന്നു. എന്നാൽ വിവിധ കോണുകളിൽ നിന്ന് മാലദ്വീപ് മന്ത്രിമാർക്കെതിരെ രൂക്ഷവിമർശനം ഉയർന്നു. ഇതോടെയാണ് സർക്കാർ വിശദീകരണം നൽകിയതും നടപടി സ്വീകരിച്ചതും. ‘മാലദ്വീപിനെ ബഹിഷ്കരിക്കുക’ എന്ന ക്യാംപെയ്നും സോഷ്യൽമീഡിയയിൽ ആരംഭിച്ചിട്ടുണ്ട്.

ആവിഷ്‌കാര സ്വാതന്ത്ര്യം ജനാധിപത്യപരമായും ഉത്തരവാദിത്തബോധത്തോടെയും വിനിയോഗിക്കണമെന്ന് സർക്കാർ വിശ്വസിക്കുന്നു. വിദ്വേഷം പ്രചരിപ്പിക്കാത്ത രീതിയിലും മാലദ്വീപും രാജ്യാന്തര പങ്കാളികളും തമ്മിലുള്ള ബന്ധം തടസ്സപ്പെടുത്താത്ത രീതിയിലും ആയിരിക്കണമെന്നുമാണ് മാലദ്വീപ് സർക്കാർ പ്രസ്താവനയിൽ പറഞ്ഞത്. അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ.

Leave A Reply

Your email address will not be published.