NATIONAL NEWS :കുറച്ചുകാലങ്ങളായി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി വിവാദങ്ങളുടെ കേന്ദ്രമാണ്. ഒരു സിനിമയുടെ പേ രിലാണ് പുതിയ വിവാദം. വിനയ് ശർമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ജെഎൻയു: ജഹാംഗീർ നാഷണൽ യൂണിവേഴ്സിറ്റി” എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. “ഒരു വിദ്യാഭ്യാസ സർവകലാശാലയ്ക്ക് രാജ്യത്തെ തകർക്കാൻ കഴിയുമോ?” എന്ന വാക്യങ്ങളെഴുതിയ കൈയ്ക്കുള്ളിൽ ഞെരിഞ്ഞമരുന്ന കാവി നിറത്തിലുള്ള ഇന്ത്യയുടെ ഭൂപടമുള്ള പോസ്റ്ററാണ് വൈറലായത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ വാക്പോരും തുടങ്ങി. അഭിനേത്രി ഉർവശി റുട്ടേലയാണ് ഇൻസ്റ്റഗ്രാമിൽ സിനിമയുടെ പോസ്റ്റർ പങ്കുവെച്ചത്. സിദ്ദാർഥ് ഫോഡ്കെ, പിയുഷ് മിശ്ര, രവി കിഷൻ, വിജയ് റാസ്, രശ്മി ദേശായി, അഥുൽ പാണ്ഡെ, സൊനാസി സെയ്ഗാൾ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.പോസ്റ്റർ വൈറലായതോടെ ഇതൊരു പ്രൊപഗാണ്ട സിനിമയാണെന്ന് നിരവധിപ്പേർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. “2024ൽ നടക്കാനിരിക്കുന്ന ലോക്സഭാ ഇലക്ഷനിൽ ബിജെപിക്ക് വേണ്ടി ബോളിവുഡ് പ്രചാരണം നടത്തുന്നത് ഇങ്ങനെയാണ്. ഇലക്ഷനുമുൻപ് ഒരു പ്രൊപഗാണ്ടാ സിനിമ കൂടി പുറത്തിറങ്ങുന്നു” എന്ന് യൂട്യൂബറും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ ധ്രുവ് റാഠി എക്സിൽ പോസ്റ്റ് ചെയ്തു.