KERALA NEWS TODAY-തിരുവനന്തപുരം: കോണ്‍ഗ്രസ് സ്വീകരിക്കുന്നത് ഇസ്രയേല്‍ അനുകൂല നിലപാടാണെന്നും അതാണ് പ്രശ്‌നമെന്നും സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍.
നെഹ്‌റുവിന്റെ കാലത്ത് കോണ്‍ഗ്രസിന് പലസ്തീന്‍ അനുകൂല നിലപാടുണ്ടായിരുന്നു.
അക്കാലത്ത് കോണ്‍ഗ്രസ് അധിനിവേശവിരുദ്ധവും സാമ്രാജ്യവിരുദ്ധവുമായ ഒരു ചേരിചേരാനയം ഉയര്‍ത്തിപ്പിടിച്ചുവന്നു.
എന്നാല്‍ 1991-92 കാലത്തോടെ നരസിംഹറാവു ഇന്ത്യയുടെ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തും എത്തിച്ചേര്‍ന്നതോടെ ഇന്ത്യയുടെ ഇസ്രയേലിനോടുള്ള മാറ്റത്തില്‍ കാതലായ മാറ്റംവന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നരസിംഹറാവുവിന്റെ കാലത്താണ് ഇന്ത്യ, ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള വ്യഗ്രത കാണിച്ചതെന്നും മോഹനന്‍ ആരോപിച്ചു.
ആ കാലഘട്ടത്തിലെല്ലാം ഐക്യരാഷ്ട്രസംഘടനയുടെ ഒരു പ്രധാന പദവിയിലിരുന്ന് ഇടപെട്ട ഒരാളാണ് ശശി തരൂര്‍. അദ്ദേഹം ഇന്ന് കോണ്‍ഗ്രസിന്റെ പരമോന്നത നേതൃത്വത്തിന്റെ ഭാഗമാണ്, പ്രവര്‍ത്തകസമിതി അംഗമാണ്. അദ്ദേഹമാണ് കോഴിക്കോട്ട് ലീഗ് സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തുകൊണ്ട്, ഹമാസ് ഭീകരാക്രമണം നടത്തി അതിനുള്ള സ്വാഭാവിക മറുപടി എന്ന് ഇസ്രയേല്‍ ആക്രമണത്തെ വിശേഷിപ്പിച്ചത്, മോഹനന്‍ പറഞ്ഞു.
പതിറ്റാണ്ടുകളായി പലസ്തീനികള്‍ക്കെതിരേ നടത്തുന്ന ആക്രമണത്തെ തള്ളിപ്പറയാന്‍ തയ്യാറാകുന്നില്ലല്ലോ. ഇത് ബി.ജെ.പിയെടുക്കുന്ന നിലപാടിനോട് ഒത്തുചേര്‍ന്നു പോകുന്ന സമീപനമാണ്. കോണ്‍ഗ്രസിന് അതില്‍നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിക്കാന്‍ പറ്റില്ലെന്നും മോഹനന്‍ ആരോപിച്ചു. ആര്യാടന്‍ ഷൗക്കത്ത് മുന്‍കയ്യെടുത്ത് മലപ്പുറത്ത് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിക്ക് വിലക്ക് ഏര്‍പ്പെടുത്തുകയാണ് കോണ്‍ഗ്രസ് നേതൃത്വമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.