NATIONAL NEWS-ന്യൂഡൽഹി : കേരളത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പദവി വഹിച്ചിരുന്ന മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ടിക്കാറാം മീണ രാജസ്ഥാൻ തിരഞ്ഞെടുപ്പിൽ പുതിയ വേഷത്തിലാണ്.
മുഴുനീള കോൺഗ്രസുകാരൻ. രാജസ്ഥാനിൽ പാർട്ടിപ്രകടനപത്രികയുടെ ചുമതലയുള്ള ജോയന്റ് കൺവീനർ.
കേരളത്തിലെ ഭരണപരിചയാനുഭവങ്ങളെ പാർട്ടി ഏൽപ്പിച്ച ചുമതലയ്ക്കായി വിനിയോഗിക്കാനാണ് മീണയുടെ ആഗ്രഹം. കേരളസർക്കാരിന്റെ വിവിധ വകുപ്പുകളിൽ പ്രവർത്തിച്ചിട്ടുള്ള മീണ മാനവവികസന സൂചികയിലടക്കം കേരളം കൈവരിച്ച പുരോഗതിയെ കോൺഗ്രസിന്റെ പ്രകടനപത്രികാസമിതി മാതൃകയാക്കണമെന്ന പക്ഷക്കാരനാണ്.
സ്ത്രീകളുടെയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും ശാക്തീകരണം, ജനകീയാസൂത്രണ മോഡൽ തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ മനസ്സിലുണ്ട്. എന്നാൽ, പ്രകടനപത്രികയുടെ ഉള്ളടക്കം എങ്ങനെയൊക്കെയാവുമെന്ന് ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും മീണ പറയുന്നു.
രാജസ്ഥാനിലെ സവായ് മധേപുർ സ്വദേശിയായ മീണ പട്ടികവർഗ വിഭാഗക്കാരനാണ്. അടിയുറച്ച കോൺഗ്രസ് പാരമ്പര്യമാണ് തന്റേതെന്ന് മീണ പറയുന്നു. പാർട്ടി പറഞ്ഞാൽ മത്സരിക്കും. കെ.സി. വേണുഗോപാൽ ആണ് തീരുമാനിക്കേണ്ടത്. സവായ് മധേപുർ, ബമൻവാസ് എന്നീ മണ്ഡലങ്ങളിൽ ഒന്നാകും പരിഗണിക്കുന്നെങ്കിൽ സാധ്യതയെന്നും മീണ പറയുന്നു.