സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയതിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് രാത്രിയിൽ പന്തം കൊളുത്തി പ്രകടനം നടത്തും. സർക്കാർ നടപടിക്കെതിരേ കോൺഗ്രസ് ശക്തമായ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി പറഞ്ഞിരുന്നു. വൈദ്യുതി നിരക്ക് വർധനവിനെതിരെ കോൺഗ്രസ് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇന്നലെ രാത്രി പ്രതിഷേധ പ്രകടനങ്ങളും നടത്തിയിരുന്നു. വൈദ്യുതിക്ക് യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചത്. ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് ഉൾപ്പെടെ നിരക്ക് വർധന ബാധകമാണ്. നിരക്ക് വർധനയുമായി ബന്ധപ്പെട്ട ഉത്തരവ് സർക്കാർ പുറത്തിറക്കി.
