Latest Malayalam News - മലയാളം വാർത്തകൾ

സിഖ് വികാരം വ്രണപ്പെടുത്തിയെന്ന് പരാതി ; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

Complaint that Sikh sentiments were hurt; Case against Rahul Gandhi

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു. യുഎസ് സന്ദര്‍ശനത്തിനിടെ നടത്തിയ പരാമര്‍ശം സിഖ് വികാരം വ്രണപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. സിഗ്ര പൊലീസ് സ്റ്റേഷനില്‍ ബിജെപി നേതാവ് അശോക് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സിഖ് വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തി രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്ന് അശോക് കുമാര്‍ ആരോപിച്ചു. ഡല്‍ഹിയിലും രാഹുലിനെതിരെ കേസെടുത്തിട്ടുണ്ട്. സമാനമായ പരാതിയില്‍ ഡല്‍ഹി സിവില്‍ലൈന്‍സ് പൊലീസാണ് കേസെടുത്തത്.

ബിജെപി നേതാവ് അമര്‍ജിത്ത് ഛബ്രയുടെ പരാതിയിലാണ് കേസെടുത്തത്. ഇന്ത്യയില്‍ സിഖുകാര്‍ക്ക് തലപ്പാവ് ധരിച്ച് ഗുരുദ്വാരയിലേക്ക് പോവാന്‍ സാധിക്കുമോ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമെന്ന് ബിജെപി നേതാക്കള്‍ പരാതിയില്‍ ആരോപിക്കുന്നു. സംവരണത്തിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരെയും ബിജെപി നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ജോര്‍ജ് ടൗണ്‍ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം. സംവരണം നിര്‍ത്തലാക്കണമെങ്കില്‍ ഇന്ത്യ നീതിയുക്തമായ രാജ്യം ആകണമെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ചോദ്യത്തോട് രാഹുല്‍ പ്രതികരിച്ചത്. നിലവില്‍ രാജ്യത്തെ സാഹചര്യം അതല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.

Leave A Reply

Your email address will not be published.