കൊയിലാണ്ടി മണകുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റു മരിച്ച കുറുവങ്ങാട് തട്ടാങ്കണ്ടി ലീലയുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കാണാനില്ലെന്ന് പരാതി. രണ്ടര പവന്റെ മാലയും രണ്ടു കമ്മലും നഷ്ടപ്പെട്ടതായി ബന്ധുക്കൾ പറയുന്നു. സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇവരുടെ കൈകളിലിട്ടിരുന്ന മൂന്ന് വള ആശുപത്രി അധികൃതർ ബന്ധുക്കൾക്ക് തിരിച്ചുനൽകിയിരുന്നു.
അപകടം നടന്നയുടൻ ലീലയെ ആശുപത്രിയിലെത്തിച്ചത് മകൻ ലിഗേഷും ബന്ധുക്കളും കൂടിയായിരുന്നു. ആ സമയത്തൊക്കെ ശരീരത്തിൽ ആഭരണങ്ങളുണ്ടായിരുന്നതായാണ് ലീലയുടെ സഹോദരൻ ശിവദാസൻ പറയുന്നത്. എന്നാൽ, മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മൃതദേഹം മാറ്റുന്നതിനിടയിൽ ആഭരണം നഷ്ടപ്പെട്ടതായാണ് സംശയിക്കുന്നത്. ഇക്കാര്യം ദേവസ്വം മന്ത്രി വിഎൻ വാസവന്റെയും കാനത്തിൽ ജമീല എംഎൽഎയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു കൊയിലാണ്ടിയിലെ മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഗുരുവായൂർ ദേവസ്വത്തിന്റെ ആനകളായ പീതാംബരനും ഗോകുലും വിരണ്ടോടിയത്. ഇതിനിടയിൽപ്പെട്ട് മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. ആനയുടെ ചവിട്ടേറ്റാണ് ലീല മരിച്ചത്. മുപ്പതോളം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.