Latest Malayalam News - മലയാളം വാർത്തകൾ

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി എട്ടുമാസമായി പ്രവര്‍ത്തനരഹിതം: കേന്ദ്രകമ്പനികാര്യമന്ത്രാലയം

KERALA NEWS TODAY-തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകളുടെ ഐടി കമ്പനി കഴിഞ്ഞ എട്ടുമാസമായി പ്രവര്‍ത്തനരഹിതമെന്ന് കേന്ദ്രകമ്പനികാര്യമന്ത്രാലയത്തിന്റെ രേഖകള്‍.
കമ്പനി നിഷ്ക്രിയമെന്ന രേഖ കഴിഞ്ഞ നവംബര്‍ മൂന്നിനുള്ള വീണ വിജയന്റെ അപേക്ഷ പ്രകാരമാണ് റജിസ്ട്രാര്‍ ഓഫ് കമ്പനീസ് നല്‍കിയത്.
എക്സാലോജിക് കമ്പനി ഇപ്പോഴില്ലെന്ന് എം.വി.ഗോവിന്ദന്‍ ഇന്നലെ പറഞ്ഞിരുന്നു.

കമ്പനികാര്യമന്ത്രാലയത്തിലെ രേഖകള്‍ പ്രകാരം കഴിഞ്ഞവര്‍ഷം നവംബര്‍ 30 മുതല്‍ എക്സാലോജിക് സൊലൂഷന്‍സ് കമ്പനിക്ക് ഡോര്‍മന്‍റ് സ്റ്റാറ്റസ് ആണ്.
കമ്പനി പ്രവര്‍ത്തനരഹിതമാണ് എന്നര്‍ഥം.
നവംബര്‍ 3ന് ബെംഗളൂരു റജിസ്ട്രാര്‍ ഓഫ് കമ്പനീസിന് എക്സാലോജിക് ഡയറക്ടര്‍ വീണ നല്‍കിയ അപേക്ഷപ്രകാരമാണ് ഈ സ്റ്റാറ്റസ് അനുവദിച്ചിരിക്കുന്നത്. കമ്പനി അടച്ചുപൂട്ടിയിട്ടില്ല, മറിച്ച് പ്രവര്‍ത്തനരഹിതമായിരിക്കുകയാണ് . ചട്ടപ്രകാരം അപേക്ഷിച്ചാല്‍ കമ്പനിക്ക് ഇനിയും പ്രവര്‍ത്തിക്കാനാകും എന്നതാണ് ഡോര്‍മന്‍റ് സ്റ്റാറ്റസിന്‍റെ പ്രത്യേകത.

2022 മാര്‍ച്ചില്‍ സമര്‍പ്പിച്ച സാമ്പത്തിക റിപ്പോര്‍ട്ട് പ്രകാരം എക്സാലോജിക്കിന്‍റെ ലാഭം വെറും 82, 257 രൂപയാണ് . തൊട്ടുമുന്‍പത്തെ വര്‍ഷം ഇത് 5, 72,000 രൂപ. എന്നാല്‍ 2016 ല്‍ ഇത് 40 ലക്ഷവും 2017ല്‍ 30ലക്ഷവുമായിരുന്നുവെന്ന് രേഖകളില്‍ പറയുന്നു. വീണ വിജയനും എക്സാലോജിക്കും ശശിധരന്‍ കര്‍ത്തയുടെ കമ്പനിയായ സി.എം.ആര്‍.എല്ലുമായി കരാറിലേര്‍പ്പെട്ടത് 2016ലും 17ലുമാണെന്ന് നേരത്തെ പുറത്തുവന്ന രേഖകളില്‍ വ്യക്തമായിരുന്നു.

Leave A Reply

Your email address will not be published.