ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാമിലെ അധിഗാം ദേവ്സർ മേഖലയിലാണ് ഏറ്റുമുട്ടൽ. സുരക്ഷാ സേന പരിശോധന നടത്തുന്നതിന് ഇടയിൽ ഭീകരർ വെടിവെക്കുകയായിരുന്നു. മേഖല സേന പൂർണമായും വളഞ്ഞിട്ടുണ്ട്. പ്രദേശത്ത് ഒന്നിലധികം ഭീകരർ അകപ്പെട്ടതായാണ് സൂചന. ജമ്മു കശ്മീരിൽ പൊലീസും ഇന്ത്യൻ സേനയും സംയുക്തമായാണ് തീവ്രവാദ ഓപ്പറേഷൻ നടത്തുന്നത്. ഇതിനിടെയാണ് അധിഗാം ദേവ്സർ മേഖലയിൽ ഭീകരരുണ്ടെന്ന രഹസ്യവിവരം സംഘത്തിന് ലഭിക്കുന്നത്. പിന്നാലെ നടത്തിയ പരിശോധനയ്ക്കിടെ ഭീകര സംഘം പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. അധിഗാം ദേവ്സർ മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചതായി കശ്മീർ സോൺ പൊലീസ് എക്സിൽ കുറിച്ചിട്ടുണ്ട്.
