Latest Malayalam News - മലയാളം വാർത്തകൾ

ആൺസുഹൃത്തിൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ചോറ്റാനിക്കരയിലെ പെൺകുട്ടി മരിച്ചു

Chottanikkara girl dies after being beaten by boyfriend

ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്‍റെ ക്രൂരപീഡനത്തിനിരയായ പെൺകുട്ടി മരിച്ചു. കഴിഞ്ഞ അഞ്ചുദിവസമായി പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു. പോക്‌സോ കേസ് അതിജീവിതയായ 19കാരിയെ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കുശേഷം യുവതിയെ വീട്ടിനുള്ളില്‍ കഴുത്തില്‍ കയര്‍ മുറുകി പരിക്കേറ്റ നിലയിലും കൈയില്‍ മുറിവേറ്റ നിലയിലുമാണ് കണ്ടത്. തുടർന്ന് പ്രതിയും പെൺകുട്ടിയുടെ ആൺ സുഹൃത്തുമായിരുന്ന അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തർക്കമുണ്ടായതിന്റെ പേരിൽ ഇയാൾ പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് പ്രതി ആക്രമണം നടത്തിയത്. സുഹൃത്തായ ഇയാൾ നേരത്തെയും പെൺകുട്ടിയുടെ വീട്ടിൽ വരാറുണ്ടായിരുന്നു. ഇയാൾ പെൺകുട്ടിയുടെ തല ഭിത്തിയിലിടിക്കുകയും ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. ക്രൂരമായ ആക്രമണത്തെ തുടർന്ന് പെൺകുട്ടി ഷാളിൽ തൂങ്ങി ജീവനൊടുക്കാൻ ശ്രമിച്ചു. ഇതിന് പിന്നാലെ ഇയാൾ ഷാൾ മുറിച്ച് പെൺകുട്ടിയെ താഴെയിട്ടു. ശ്വാസം കിട്ടാതെ ഒച്ചയിട്ട പെൺകുട്ടിയുടെ വായുമൂക്കും ഇയാൾ പൊത്തിപ്പിടിച്ചതോടെ പെൺകുട്ടി അബോധാവസ്ഥയിലായി. പിന്നാലെ ശരീരത്തിൽ ഇയാൾ വെള്ളമൊഴിച്ചതോടെ പെൺകുട്ടിയ്ക്ക് ഫിക്സ് ഉണ്ടാവുകയായിരുന്നു. പിന്നാലെ ചുറ്റിക പെൺകുട്ടിയുടെ കൈയിൽ പിടിപ്പിച്ചതോടെയാണ് ഫിക്സ് മാറിയത്. പിന്നീടും അനക്കമില്ലാതിരുന്ന പെൺകുട്ടിയെ ഇയാൾ ചുറ്റിക ഉപയോഗിച്ച് ഉപദ്രവിച്ചു.

ഇതിന് ശേഷവും പെൺകുട്ടിയ്ക്ക് അനക്കമില്ലാതായതോടെ മരിച്ചെന്ന് കരുതി ഇയാൾ സ്ഥലത്ത് നിന്നും കടന്ന് കളയുകയായിരുന്നു. പെണ്‍കുട്ടിയുടെ കൈയിലെ മുറിവ് ഉറുമ്പരിച്ച നിലയിലായിരുന്നു. പെണ്‍കുട്ടിയെ അതീവഗുരുതരാവസ്ഥയിലായിരുന്നു കണ്ടെത്തിയത്. കട്ടിലിന് താഴെ കിടക്കുന്ന നിലയില്‍ ഒരു ബന്ധുവാണ് കുട്ടിയെ കണ്ടത്. കണ്ണ് തുറന്നു കിടക്കുകയായിരുന്നു. നാവ് കടിച്ചിട്ടുണ്ടായിരുന്നു. സ്ഥലത്ത് കയറൊന്നും ഉണ്ടായിരുന്നില്ല. പൊലീസ് എത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

Leave A Reply

Your email address will not be published.