പറവൂർ ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊലപാതക കേസിൽ പ്രതി ഋതുവിനെ ഇന്ന് തെളിവെടുപ്പിന് എത്തിച്ചേക്കും. ജനരോഷം കണക്കിലെടുത്ത് വൻ സുരക്ഷയിലാകും പ്രതിയെ തെളിവെടുപ്പിന് എത്തിക്കുക. രാവിലെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഉച്ചയ്ക്കാകും പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നത്. അതീവ രഹസ്യമായി തെളിവെടുപ്പ് നടത്താനാണ് സാധ്യത. നിലവിൽ വടക്കേക്കര പോലീസിന്റെ കസ്റ്റഡിയിൽ ആണ് പ്രതിയുള്ളത്. 5 ദിവസത്തെ പൊലീസ് കസ്റ്റഡി ആണ് പറവൂർ ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അനുവദിച്ചിരിക്കുന്നത്. ജനുവരി 18ആം തീയതിയാണ് ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്.
പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് ഋതുവിന്റെ ആക്രമണത്തിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ വിനീഷയുടെ ഭർത്താവ് ജിതിൻ ബോസിന് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ചികിത്സയിലുള്ള ജിതിന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. തലയിൽ ശസ്ത്രക്രിയ ചെയ്തെങ്കിലും ബോധം തിരിച്ചു കിട്ടിയിട്ടില്ല. ജിതിൻ ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്. ഇവരുടെ അയൽവാസിയാണ് പ്രതി. കൊലപാതകത്തിന് പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന പ്രതി കൊലയ്ക്ക് രണ്ട് ദിവസം മുൻപായിരുന്നു നാട്ടിൽ എത്തിയത്.