ആറ്റിങ്ങൽ പൂവൻപാറയിലെ കൂട്ട വാഹനാപകടത്തിൽ നിർണായക ട്വിസ്റ്റ്. അപകടം സൃഷ്ടിച്ചത് കഴക്കൂട്ടം സ്റ്റേഷനിലെ എഎസ്ഐ ശ്രീജിത്ത് ആണെന്ന് കണ്ടെത്തൽ. ശ്രീജിത്ത് ഓവർടേക്കിങിന് ശ്രമിക്കവെ മാരുതി കാറിന് നിയന്ത്രണം തെറ്റുകയായിരുന്നു. അമിത വേഗതയിൽ എത്തിയ മാരുതി കാർ ആദ്യം ഐഎസ്ആർഒയുടെ ബസിൽ ഇടിച്ച ശേഷം മറ്റ് വാഹനങ്ങളെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ആലംകോട് വഞ്ചിയൂർ സ്വദേശി അജിത്ത് ആണ് മരിച്ചത്. അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് ഇരുചക്ര വാഹനയാത്രികർക്ക് ഗുരുതര പരിക്കേറ്റിരുന്നു. പാലോട് സ്വദേശികളായ സഞ്ജയ്, രാധിക, കല്ലമ്പലം സ്വദേശി വൈശാഖ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇന്നലെ രാത്രി 8 മണിയോടെ പൂവൻപാറ പാലത്തിലായിരുന്നു അപകടം സംഭവിച്ചത്. കാർ പാലത്തിന്റെ സുരക്ഷ ഭിത്തിയിൽ ഇടിച്ചാണ് നിന്നത്. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതവും തടസ്സപ്പെട്ടിരുന്നു.