OBITUARY NEWS KOZHIKODE:കോഴിക്കോട്: വടകര ഓർക്കാട്ടേരിയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവിന്റെ അമ്മാവൻ പൊലീസ് കസ്റ്റഡിയിൽ. ഓർക്കാട്ടേരി സ്വദേശി ഹനീഫയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മരിച്ച ഷെബിനയെ ഹനീഫ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് ആയഞ്ചേരി സ്വദേശിയായ ഷെബിനയെ ഭർത്താവ് ഹബീബിന്‍റെ ഓർക്കാട്ടേരിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനൽ കമ്പിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ ഷെബിനയുടെ വീട്ടുകാർ തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. ഷെബിന മുറിയിൽ കയറി വാതിൽ അടച്ചെന്ന് ഭർതൃ വീട്ടുകാർ ഗൾഫിലുള്ള ഹബീബിനെ വിളിച്ച് അറിയിച്ചു.അതിനിടെ ഷെബിനയുടെ വീട്ടുകാരും സ്ഥലത്തെത്തി. വൈകിട്ട് വീട്ടിൽ വഴക്കുണ്ടായെന്ന വിവരം ഷെബിനയുടെ മകൾ അറിയിച്ചു. ഇതേത്തുടർന്ന് ഷെബിനയുടെ വീട്ടുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ഇതിൽ സിറ്റൌട്ടിൽവെച്ച് ഷെബിനയെ ഹനീഫ മർദിക്കുന്ന ദൃശ്യങ്ങളുണ്ടായിരുന്നു. ഹബീബിന്‍റെ മാതാവിന്‍റെ സഹോദരനാണ് ഹനീഫ.
ഭർത്തൃ വീട്ടിൽ നിന്നും ഉമ്മയുടെയും സഹോദരിയുടെയും നിരന്തര പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ പറയുന്നത്. പൊലീസിൽ നൽകിയ പരാതിയിലും അവർ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. വീട് നിർമ്മിക്കാൻ പണം വേണമെന്നുൾപ്പടെ ആവശ്യപ്പെട്ട് ഭർത്താവിന്റെ ബന്ധുക്കൾ നിരന്തരം മാനസിക പീഡനം ഏൽപ്പിച്ചുവെന്ന് ഷെബിനയുടെ ബന്ധുക്കൾ പറഞ്ഞു.