കണ്ണൂർ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി. നവീന്‍ ബാബുവന്റെ ഭാര്യ മഞ്ജുഷയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. എല്ലാ കേസുകളിലും സിബിഐ അന്വേഷണം പ്രായോഗികമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ സുധാന്‍ഷു ധൂലിയ, കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നേരത്തെ ഹൈക്കോടതിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയിരുന്നു.
വളരെ ഹ്രസ്വമായൊരു വാദം മാത്രമാണ് ഹര്‍ജിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നടന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ സുനില്‍ ഫര്‍ണാണ്ടസാണ് മഞ്ജുഷയ്ക്ക് വേണ്ടി ഹാജരായത്. സിബിഐ അന്വേഷണം വേണം, കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ അന്വേഷണം വേണം, നിലവില്‍ സംസ്ഥാനത്ത് നടക്കുന്ന അന്വേഷണം തൃപ്തികരമല്ല എന്നിങ്ങനെയുള്ള മൂന്ന് കാര്യങ്ങളാണ് പ്രധാനമായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.