Latest Malayalam News - മലയാളം വാർത്തകൾ

‘തെരുവ് നായ ആക്രമിച്ചെന്ന് പറഞ്ഞിട്ടും കുത്തിവെയ്പ്പ് എടുത്തില്ല’, കുട്ടിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം

KERALA NEWS TODAY ALAPPUZHA:ആലപ്പുഴ: ഹരിപ്പാട് പേവിഷബാധയേറ്റ 8 വയസുകാരൻ മരിച്ചതിൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാര്‍ക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം.തെരുവ് നായ ആക്രമിച്ചെന്ന് അറിയിച്ചിട്ടും പേ വിഷബാധക്ക് കുത്തിവെയ്പ്പ് എടുക്കാൻ ഡോക്ടർമാർ തയ്യാറാകാത്തതാണ് ദേവനാരായണന്‍റെ മരണത്തിനിടയാക്കിയതെന്ന് കുടുംബം പറയുന്നു. കഴിഞ്ഞ മാസം 21ന് നായയുടെ കടിയേറ്റ കുട്ടി ഇന്നലെയാണ് മരിച്ചത്. വീട്ടിന് മുന്നൽ ദേവനാരായണൻ കളിച്ചു കൊണ്ടിരിക്കെയാണ് സംഭവം. റോഡിലൂടെ നടക്കുകയായിരുന്നു കൂട്ടുകാരനെയും അമ്മയേയും തെരുവുനായ ആക്രമിക്കാൻ പോകുന്നത് കുട്ടി കണ്ടു. കയ്യിലിരുന്ന പന്ത് കൊണ്ട് നായയെ എറിഞ്ഞു. ഇതോടെ, നായ ദേവനാരായണന്റെ നേര്‍ക്ക് ചാടി വീണു. ഓടി രക്ഷപ്പെടുന്നതിനിടെ സമീപത്തെ ഓടയിൽ വീണ് പരുക്കേറ്റു. അപ്പോൾ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാല്‍ നായകടിച്ചതിന്റെ പാടുകളൊന്നും കാണാതിരുന്നതിനാല്‍ വീഴ്ചയില്‍ ഉണ്ടായ പരുക്കിന് മരുന്ന് വച്ച ശേഷം ആശുപത്രിയിൽ നിന്ന് വിട്ടയക്കുകയായിരുന്നു.നാല് ദിവസം മുമ്പ് ദേവനാരായണന്ന ശ്വാസ തടസവും ശാരീരിക അസ്വസ്ഥതകളും നേരിട്ടു. തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഇവിടെവെച്ച് പേവിഷബാധ സ്ഥിരീകരിച്ചു. രോഗം മൂർച്ഛിച്ചു. ഇന്നലെ രാവിലെ 11.45 ഓടെ മരിക്കുകയായിരുന്നു.
ചികിത്സാ പിഴവെന്ന ആരോപണം ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ നിഷേധിച്ചു.കുട്ടിയെ കൊണ്ടുവന്നത് വീണ് പരിക്കേറ്റു എന്ന നിലയിലാണ്.നായയുടെ കാര്യം ബന്ധുക്കൾ പറഞ്ഞിട്ടില്ലെന്നും മെഡിക്കൽ രേഖകളിൽ ഇത് വ്യക്തമാണെന്നും ഡോ. സുനിൽ പറഞ്ഞു.

Leave A Reply

Your email address will not be published.